Wednesday 7 August 2019

വാക്കുകള്‍ പൂക്കാലം വരുത്തട്ടെ


കേയൂരാണി ന ഭൂഷയന്തി പുരുഷം

ഹാരാ ന ചന്ദ്രോജ്ജ്വലാ

നസ്നാനന്ന വിലേപനന്ന കുസുമന്നാ-
 
ലംകൃതാമൂര്‍ദ്ധജാഃ

വാണ്യേകാ സമലംകോരോതി പുരുഷം

യാ സംസ്കൃതാ ധാര്യതേ

ക്ഷീയന്തേ ഖലു ഭൂഷണാനി സതതം 
 
വാഗ്ഭൂഷണം ഭൂഷണം



      ആടയാഭരണങ്ങളോ, നാനാവിധമായ അലങ്കാരങ്ങളോ, സുന്ദരമായ ശരീരപ്രകൃതിയോ ഒരു വ്യക്തിക്ക് ചാരുത ഏകുന്നില്ല; ആ വ്യക്തിയുടെ വാക്കും, ധാരണയും, സംസ്ക്കാരവുമാണ് അദ്ദേഹത്തെ പ്രസക്തനാക്കുന്നത്; ആഭരണ വസ്ത്രാദികളല്ല - പ്രത്യുത, വാക്കാണ് ഒരാളുടെ ഭൂഷണം
 
      പരിവ്രാജക ശ്രേഷ്ടനായ, നമ്മുടെ മഹാനായ പൂര്‍വ്വ സൂരി, ഭര്‍ത്തൃഹരിയുടെ വാക്കുകളാണിവകാലത്തെ അതിവര്‍ത്തിക്കുന്ന മാര്‍ഗ്ഗദര്‍ശകമായ ഈ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും സംസാരിച്ച് തുടങ്ങുന്നത്.

      ഈയിടെ ഒരു സൗഹൃദ വൃത്തത്തില്‍ അല്പനേരം ചിലവഴിക്കുവാനിടയായി, - തമാശകളും, പാട്ടുകളും, കവിതകളും, മറ്റും,  രുചികരമായ ഭോജ്യങ്ങളും, കളിയും, ചിരിയും, കടലോര നടത്തവുമൊക്കെയായി ഒരു നല്ല സായാഹ്നം, - ഒ‌ടുവില്‍ ബീച്ച് തട്ട്കടയില്‍നിന്ന് ലളിതമായ ഒരു ചായകുടിയും കഴിഞ്ഞ് പിരിയുന്ന വേളയില്‍, ഒരു സുഹൃത്തിന്റെ മുഖം അല്പം ഇരുണ്ട് ആകുലമായി കാണപ്പെട്ടുരാത്രി ഫോണ്‍ ചെയ്ത് കാര്യം തിരക്കി, വൈകിട്ടത്തെ ഒത്തു ചേരല്‍ വേളയില്‍ ഏറ്റ ടോര്‍പ്പിഡോകളെ കുറിച്ച് അവന്‍ വാചാലനായിസമാധാന വാക്കുകള്‍ക്ക് തണുപ്പിക്കുവാന്‍ കഴിയാത്ത വധം തപിച്ചുപോയിരുന്നു ആ മനസ്സ്
 
      ഒളിയമ്പുകള്‍, മുള്ള് വച്ച വാക്കുകള്‍, പരോക്ഷമായ പരിഹാസങ്ങള്‍, നമ്മളില്‍ ചിലര്‍ അങ്ങിനെയാണ്.. ഇവയൊന്നും കൂടാതെ അവര്‍ക്ക് സംസാരിക്കുവാന്‍ കഴിയില്ലഇത്തരക്കാര്‍, സമയദോഷത്തിന് അവരോടൊത്തുള്ള സംഭാഷണത്തില്‍ ഭാഗഭാക്കായിപ്പോയ അപരരുടെ വിവര്‍ണ്ണമാകുന്ന മുഖം കണ്ട് നിര്‍വൃതി അ‌ടയും; മറ്റ് കൂട്ടുകാരോട്, താന്‍ ഏര്‍പ്പെട്ട സംസാര മധ്യേ അപരനെ താങ്ങിയതിന്റെ കണക്ക് നിരത്തി വീണ്ടും തുള്ളിച്ചാടും, - ചില ആളുകള്‍ ചൊറിച്ചില്‍ മാന്തി രസിക്കുന്നതുപോലെ, - ചൊറിഞ്ഞ് ചൊറിഞ്ഞ് രസിക്കും, - ഒരു ഡോക്ടറെ കണ്ട് അത് മാറ്റില്ല. നമ്മുടെ സംഭാഷണങ്ങളില്‍ ടോര്‍പ്പിഡോകളുടെയും, മുള്ള് വച്ച വാക്കുകളുടേയും ആവശ്യമുണ്ടോ ഒരു രസത്തിന് അല്പം ആവാമെന്ന് വരികില്‍തന്നെയും അത് അല്പമാക്കിക്കൂടേ നാമെല്ലാം എല്ലാം തികഞ്ഞവരാണോ മുള്ള് വച്ച വാക്കുകളും, ഒളിയമ്പുകളും, സഹഭാഷിയെ മുറിപ്പെടുത്തുമെങ്കില്‍ വിഷലിപ്തമായ വാക്കുകള്‍ക്ക് ആ ആളുടെ ജീവന്‍ തന്നെ എടുത്തു കളയുവാനുള്ള ശക്തിയുണ്ടെന്ന വസ്തുത ടോര്‍പ്പിഡോ വാക്‍ നിപുണര്‍ക്ക് അറിയാമോ ?
 
      ഇത്തരം ഒരു ടോര്‍പ്പിഡോ വിദഗ്ദന് പിണഞ്ഞ അപകടവും, ദുരിതവുമാണ് ഇനി പറയുവാന്‍ പോകുന്നത്പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു ഏപ്രില്‍ മാസത്തിലാണ് സംഭവം, വ്യക്തി ഒരു അദ്ധ്യാപകനാകയാലാണ് ഏപ്രില്‍ മാസം എന്ന് കൃത്യമായി പറയുവാന്‍ കഴിയുന്നത്കൂട്ടുകാരനായ ഒരു സാധാരണ ദിവസ വേതനക്കാരനായിരുന്നു സംസാരത്തില്‍ ഏര്‍പ്പെട്ട, വിവാഹമോചിതനായ, സന്താനങ്ങളില്ലാത്ത അപരന്‍, വേറയും കുറച്ചു പേര്‍ ഉണ്ടായിരുന്നു.  സംസാരമധ്യേ ഒളിയമ്പുകള്‍ വന്നു തുടങ്ങി, ആദ്യമാദ്യം അവയെ സ്വാഭാവികമായി കണക്കാക്കി അയാള്‍ അവഗണിച്ചുമുറിവേല്‍ക്കുന്ന തരത്തിലുള്ള അസ്ത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ വരുവാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക് ദേഷ്യം വന്നു, "കുറച്ചു നേരമായി തുടങ്ങീട്ട്, എനിക്ക് മാഷത്ര പഠിപ്പില്ലെങ്കിലും വര്‍ത്താനങ്ങള്‍ മനസിലാക്കാനുള്ള ലോക്കല്‍ പഠിപ്പും, ജീവിതവുമൊക്കെയുണ്ട്,  പറയുനുള്ളത് ശരിക്ക് പറയണം, ദിവസവും കാണണ്ടവരായ നമ്മളെ മനസില്‍ ഒരു കറ വേണ്ട",  "അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ" - മാഷുടെ മറുപടി, "പറഞ്ഞില്ലെങ്കില്‍ നല്ലത്, പറയരുത്." അല്പം കടുപ്പിച്ച് തന്നെ അയാള്‍ പറഞ്ഞുനാട്ടുകാരായ ചില വ്യക്തികള്‍ തമ്മിലുള്ള ഒരു സാധാരണ നേരമ്പോക്ക് സംഭാഷണമായിരുന്നു അത്.  സംസാരം തുടര്‍ന്നു പല പല കാഠിന്യത്തോടെ ആ മനുഷ്യന്‍ ഒന്നു രണ്ട് താക്കീതുകള്‍ കൂടി നല്‍കിഅനന്തരം സംസാരത്തിന്റെ രൂപം മാറി അയാളുടെ നിയന്ത്രണം വിട്ടു.  "കുറച്ച് നേരമായി ചങ്ങായി തുടങ്ങീട്ട്" ആയാള്‍ വാക്‍ പ്രഹരം തുടങ്ങി, ആ അദ്ധ്യാപകന്റെ ജീവിതത്തിലെ പരാജയങ്ങളും, കുറവുകളും, വീഴ്ചകളും ഒന്നൊന്നായി എണ്ണി നിരത്തി, ഭീമസേനന്റെ കൈകളില്‍പ്പെട്ട് ‌‍ഞെരിഞ്ഞ് പിടയുന്ന കീചകനെ അനുസ്മരിപ്പിക്കുന്ന വിധമായി ആ ബിരുദാനന്തര ബിരുദധാരിയുടെ അവസ്ഥഒടുവില്‍ സംഭാഷണം കഴിഞ്ഞു, മാസ്റ്റര്‍ അല്പാല്പമായി വിറയ്ക്കുന്നുണ്ടായിരുന്നു, - കുടിക്കുവാനായി വെള്ളത്തിനാവശ്യപ്പെട്ടു, ആരോ അദ്ദേഹത്തിന് വെള്ളം നല്‍കിയപ്പോള്‍ 'ചൂട് .. ചൂട് വേണം' എന്ന് പറഞ്ഞൊപ്പിച്ചു.   പിന്നെയൊരാള്‍ ടാക്സി വിളിച്ച് അയാളെ വീട്ടില്‍ കൊണ്ട് ചെന്നാക്കിആദിവസം രാത്രി അയാളുടെ ദേഹത്തിന്റെ ഒരു ഭാഗം തളര്‍ന്നു പോയിരണ്ടാഴ്ച നഗരത്തിലെ ഒരു വലിയ സ്വകാര്യാശുപത്രിയില്‍, ഒരുമാസം ആയുര്‍വ്വദ ചികിത്സ, കുറച്ച് കാലം മെഡിക്കല്‍ അവധിയെടുത്ത് വിശ്രമം; ഇത്രയും വേണ്ടി വന്നു അയാള്‍ക്ക്  സാധാരണ ജീവിതത്തിലേക്ക് തിരികെ വരാന്‍.   ഒരു മനസാക്ഷിക്കുത്തുമില്ലാതെ അപരന്‍ നടത്തിയ കമന്റ് ഇങ്ങനെയായിരുന്നു, "നാവിന്റെ കൊണം കൊണ്ട് വന്നതല്ലേ, ഞാന്‍ എത്ര പ്രാവശ്യം അയോളോട് പറഞ്ഞു ചൊറിച്ചില് നിര്‍ത്താന്‍ ". 
 
      നാട്ടിന്‍പുറത്തുകാരനായ ഒരു സാധാരണക്കാരന്റെ പ്രതികരണമാണ്  ഈ കണ്ടത്വളരെ ലളിതമായും, ഋജുവായും ചിന്തിക്കുന്ന ഒരു മനുഷ്യന്‍,-സംഭാഷണത്തിന്റെ വ്യാകരണവും, മാനേഴ്സും നോക്കാതെ സംസാരിക്കുകയും, പ്രതികരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാകയാല്‍ സംഭവത്തിന്റ കലാശം ഇങ്ങനെയായി, അല്ലെങ്കില്‍ അതിന്റെ ഗതി നേരെ വിപരീതമായിപ്പോയേനെ. പരോക്ഷമായ കുത്തുവാക്കുള്‍ക്കും, പരിഹാസങ്ങള്‍ക്കും മറുപടി പറയുവാന്‍ വളരെ പ്രയാസമാണ്, എപ്പോഴും എല്ലാവര്‍ക്കും അതിന് കഴിഞ്ഞെന്നും വരില്ല. ഏറ്റ ഒളിയമ്പുകള്‍, അവ അയച്ച 'സംഭാഷണ വദഗ്ദന്റെ' ശ്രദ്ധയില്‍ പെടുത്തിയാല്‍, "ഞാനങ്ങനെ ഉദ്ദേശിച്ചില്ല, നിങ്ങള്‍ക്ക് തോന്നിയതാണ്", എന്നു പറഞ്ഞുകൊണ്ട് അനായാസം നിഷേധിക്കും; അനന്തരം, ആ വാക്കുകള്‍ കേട്ട ആളുടെ മനസ്സ് കലങ്ങി മറിയുവാന്‍ തുടങ്ങും, തിരിച്ച് താങ്ങുവാന്‍ ഇടം നോക്കി ആ സംഭാഷണത്തിന്റെ ആത്മാവ് ഇല്ലാതായിത്തീരും.  ശത്രുതയുടെ ഭാരവും മനസ്സില്‍ നിറയും. ഒരു കഴിവെന്ന് പറായാമെങ്കിലും, സംഭാഷണ വേളയിലെ ഒളിയമ്പുകള്‍ പലപ്പോഴും ഒരു ശാപമായിത്തീരുന്ന കാഴ്ച സാധാരണമാണ്.

      എന്നാല്‍ ഒളിയമ്പുകളേറ്റ് ശരവ്യരാകേണ്ട, - ഒരു വേള ശരശയ്യയില്‍ കിടത്തേണ്ട, ചില ആളുകള്‍ ഉണ്ട‌്. നിവൃത്തിയില്ലാത്ത ചില സാഹചര്യങ്ങളാണിവ,-  സ്വന്തം തെറ്റുകള്‍, - അറിഞ്ഞുകൊണ്ട്, സ്വാര്‍ത്ഥ ലാഭത്തിനായി ചെയ്യുന്ന തെറ്റുകള്‍, വളരെ സമര്‍ത്ഥമായി ന്യായീകരിക്കുകയും, നിഷേധിക്കുകയും അവ ശരിയാണെന്ന് സമര്‍ത്ഥിക്കുന്നതിനായി അപരന്റെ ശരികളെ തെറ്റായി വ്യാഖ്യാനിക്കുകയും, തന്റെ തെറ്റുകള്‍ അവരുടെ തലയിലേക്ക് മറിയ്ക്കുകയും, ശബ്ദകോലാഹലങ്ങള്‍ സ‍ൃഷ്ടിച്ച് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവരാണ് ഇതില്‍ പ്രഥമ സ്ഥാനത്തുനില്‍ക്കുന്നത്മറ്റുള്ളവരെ തൃണവല്‍ഗണിച്ച് തന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും മാത്രം ശരി എന്ന് നിനച്ച്, ഔദ്ധത്യത്തോടെ അപരരെ നോക്കിക്കാണുകയും, സംസാരിക്കുകയും, മറ്റുള്ളവരുടെ വാക്കുകള്‍ക്കോ, താല്പര്യങ്ങള്‍ക്കോ, വികാരങ്ങള്‍ക്കോ ഒരു തരിമ്പ് പോലും വില കൊടുക്കാതെ, സ്വന്തം അഭിപ്രായങ്ങള്‍ അവരുടെ മേല്‍ അടിച്ചേല്പിച്ച്, താന്‍ വലിയൊരു പ്രസ്ഥാനമാണെന്ന് ഭാവിച്ച് വിലസുന്നവരാണ് അടുത്ത വിഭാഗം, സ്ത്രീകളോടും കുട്ടികളോടും, നേരിട്ട് ചോദ്യം ചെയ്താല്‍ വാദി പ്രതിയാകുന്ന തരത്തില്‍, സദാ, ലൈംഗിക ചുവയുള്ള വര്‍ത്തമാനങ്ങള്‍ പറയുന്ന ചില ഞരമ്പ് രോഗികളാണ് മറ്റൊരു വിഭാഗം, തനിക്ക് ചുറ്റും നടക്കുന്ന എന്തിനും ഏതിനും രാഷ്ട്രീയ, മത, ജാതി നിറം കൊടുത്ത്, ഒരു നിലവിളി ഉയര്‍ന്നാല്‍, ഈ വ്യത്യാസങ്ങളെല്ലാം മറന്ന് ഓടിവരേണ്ട, സ്വന്തം അയല്‍വാസികളെയും, നാട്ടുകാരെയും, സഹപ്രവര്‍ത്തകരെയും വേര്‍തിരിച്ച് സ്പര്‍ദ്ധയോടെ പെരുമാറുന്ന മറ്റൊരു തരം മനോരോഗികളാണ് തിമിരം ബാധിച്ച വേറൊരു വഭാഗം. പരിശോധിച്ചാല്‍ ഇനിയും കാണാം ഇത്തരം പാപ്പര വീരാധിവീരന്മാരെ.

      നമുക്ക് നല്ല രീതിയില്‍ സംസാരിക്കാം, നമ്മുടെ വാക്കുകള്‍ പൊള്ളുന്ന മനസ്സുകളുടെ താപം കുറച്ചെങ്കിലും കുറയ്ക്കുവാന്‍ സഹായകമാകട്ടെ, ഭാരിച്ച ഹൃദയങ്ങള്‍ക്ക് ഒരു കൈത്താങ്ങാകട്ടെ, നനഞ്ഞു പോയ സ്വപ്നങ്ങള്‍ക്കും, പ്രതീക്ഷകള്‍ക്കും മീതെ വീശുന്ന ഇളം കാറ്റാകട്ടെ... ഇതിനൊന്നും ശക്തമല്ലെങ്കില്‍, ഒരിക്കലും അവ എരിതീയ്യിലേക്ക് എണ്ണ ഒഴിക്കുന്ന തരത്തിലുള്ളതാകാതിരിക്കട്ടെ. മനസ്സിന്റെ സാഡിസ്റ്റ് പ്രവണതകള്‍ ബോധപൂര്‍വ്വം നിയന്ത്രിക്കാം. വാക്കുകള്‍ അതി ശക്തമാണ്, നിര്‍ണ്ണായകമാണ്.

      കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ‍ചേച്ചിയെ (പിതൃസഹോദര പുത്രി) കാണുവാന്‍ പോയി, പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ചേച്ചി കഴിഞ്ഞുപോയ കാലങ്ങളുടെ ഒരു ആകമാന വിശകലനം നടത്തി, എനിക്ക് ഓര്‍മ്മ വയ്ക്കുന്നതിനും മുമ്പ് ഞങ്ങളെല്ലാവരും വലിയച്ഛന്റെ ഡി.എം.ആര്‍ ട്രസ്റ്റ് ക്വാര്‍ട്ടേഴ്സില്‍ ഒരുമിച്ച് കഴിഞ്ഞ കാലം, അച്ഛന്റെ രോഗം, മരണം, ശേഷം കുടുംബ ഗൃഹത്തില്‍ ഒരുമിച്ച് സ്നേഹപൂര്‍വ്വം, സസന്തോഷം കഴിഞ്ഞ കാലം, വലിയച്ഛന്റെ മരണം, കുടുംബത്തില്‍ നടന്ന സംഭവങ്ങള്‍, വലിയച്ഛനുും, വലിയമ്മയും, അച്ഛനും, അമ്മയും ചേച്ചിയുമായുമായുള്ള സ്നഹബന്ധം, ചേച്ചിയും ചേട്ടനും പുതിയ ഗ‍ൃഹം വച്ചത്, സഹോദരങ്ങളുടെയും, അവരുടെ മക്കളുടെയും വളര്‍ച്ചക്കും ഉയര്‍ച്ചക്കും വഹിച്ച നിസ്തുലമായ പങ്ക്, സര്‍വ്വീസില്‍ നിന്ന് സമ്പാദിച്ച സല്‍കീര്‍ത്തി, വലിയമ്മയുടെ മരണം, അമ്മയുടെ മരണം തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍.. ഏറിയ സമയവും ഒരു കേഴ്വിക്കാരനായി ഞാനിരുന്നു. ഒടുവില്‍ ഒരു ടാക്സി വന്നു, പലതരം ആരോഗ്യ പ്രശ്നങ്ങളനുഭവിക്കുന്ന ചേച്ചിക്ക് ഡോക്ടറെ കാണുവാനായി പോകുന്നതിനായിരുന്നു. "ചേച്ചിക്ക് ഒരു പുതിയ കാര്‍ വങ്ങിക്കൂടേ" എന്ന് ഞാന്‍ ചോദിച്ചു; അല്പ സമയം തലതാഴ്ത്തിയിരുന്നു. താമസിയാതെ ചേച്ചി ഒരു കാര്‍ ബുക്ക് ചെയ്തു, പുതിയ കാറില്‍ സന്തോഷവതിയായി യാത്രചെയ്യുമ്പോള്‍ ഞാന്‍ നടത്തിയ സ‌‌ജഷനെപ്പറ്റി ചേച്ചി വചാലയാകുന്നുണ്ടായിരുന്നു.

      കാലം വളരെ അത്ഭുതാവഹമാണ്. ഏവര്‍ക്കും എന്നെന്നും നല്ലത് വരട്ടെ.. നമ്മുടെ വാക്കുകള്‍ പൂ വിരിയിക്കട്ടെ; ഋഷി വചനങ്ങള്‍ കാതില്‍ മന്ത്രിക്കുകയാണ്.. "സ നോ ബുദ്ധ്യാ ശുഭയാ സംയുനക്തു" - ചിന്താഗതികള്‍ സദാ നന്മയോ‌ട് ചേര്‍ന്നിരിക്കട്ടെ.