Sunday 22 May 2016

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ - 1 (ചോദ്യങ്ങള്‍)



സന്തോഷമില്ലെങ്കിലും സ്വസ്ഥതയും സമാധാനവുമാണ് ഏതൊരു ജീവിയും ആഗ്രഹിക്കുന്നത്.   ശരിയായ ആരോഗ്യമില്ലെങ്കിലും ദൈനംദിന കൃത്യങ്ങളെയും ജീവിതായോധന പ്രക്രിയയെയും ശല്യം ചെയ്യത്തക്ക രോഗങ്ങളൊന്നുമില്ലാത്ത ശരീരസ്ഥിതി,   ശാന്തമായ അന്തരീക്ഷം; സന്മനസുള്ളവര്‍ക്ക് സന്തോഷം കണ്ടെത്തുവാന്‍ ഇതുമതി.   അവനവന്‍ അവനവന്റെ ഉത്തരവാദിത്തങ്ങളിലും കര്‍മ്മങ്ങളിലും ശ്രദ്ധലുവായി മുന്നോട്ടു പോയാല്‍ സഹജീവികള്‍ക്കും അതുപോലെ അവരുടെ പാടും നോക്കി സ്വൈര്യമായി ജീവിക്കാം. അച്ചടക്കമുള്ള ഒരു സാധാരണ ജീവിയുടെ ചിന്താഗതി ഇതാണ്. തത്ത്വശാസ്ത്രങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ പേറാത്ത ഏതൊരു ജീവിയും ഇതിന് വിപരീതമായ ഏതൊരാശയത്തെയും പാടെ തള്ളിക്കളയും ആശയത്തിന്റെ ആണിക്കല്ലില്‍ ജീവിത സൗധം കെട്ടിപ്പടുക്കുന്നവരെല്ലാം ദുരിതങ്ങളും ദുരന്തങ്ങളും ഇഷ്ടപ്പെടാത്തവരാണ്.   ജീവിത ഭദ്രതയ്ക്ക്   ഹാനിയുണ്ടാക്കുന്ന കദന ഹേതുകങ്ങളാകയാലാണ് ഏവര്‍ക്കും ഇവയൊക്കെ ഭീതിദമാകുന്നത്.


നമ്മുടെ സമൂഹത്തിന്റെ സിംഹഭാഗവും തത്ത്വശാസ്ത്രം ഉള്‍ക്കൊണ്ട് ഉദരപൂരണവും, കുടുംബ പരിപാലനവും നടത്തി ജീവിത ചക്രം ചവിട്ടുന്നവരാണ്.   എന്നിട്ടും പലതരത്തിലുള്ള ദുരന്തങ്ങളും ദുരിതങ്ങളും നമ്മെ വേട്ടയാടുന്നത് എന്തുകൊണ്ടാണ്? പ്രകൃതി ദുരന്തങ്ങളെ മാറ്റി നിര്‍ത്താംകണക്കില്ലാത്ത ജീവിതങ്ങള്‍ അതി ദാരുണമായി പൊലിഞ്ഞു തീരുന്നു, ഒട്ടനവധി പേര്‍ ഭാഗ്യം കൊണ്ടോ ദൗര്‍ഭാഗ്യം കൊണ്ടോ   ഹതരായോ ജീവന്‍മൃതരായോ ബാക്കിയാവുന്നു, കുറേ പേര്‍ അനാഥരാകുന്നു, കുറേ പേര്‍ വിധവകളാകുന്നു, അച്ഛനമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെടുന്നു, മക്കള്‍ക്ക് അച്ഛനമ്മമാര്‍ ഇല്ലാതാകുന്നു ശിഷ്ടകാലം പലരും കട്ടിലിലായി ബന്ധുക്കള്‍ക്ക് ദുരിത പാത്രവും മറ്റുള്ളവര്‍ക്ക് സഹതാപ പാത്രവുമായി കഴിച്ചു കൂട്ടുന്നു.


ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ്, പേമാരി, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ഓര്‍ക്കാപ്പുറത്ത് വന്നെത്തുന്ന വിപത്തുകളെ ഫലപ്രദമായി നേരിടുവാന്‍ ചിലപ്പോള്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം.   എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ ദൈനംദിന ജീവിത രഥ്യയില്‍ സ്വയംക‍ൃത അനര്‍ത്ഥങ്ങള്‍ തുടരെ തുടരെ ഘോഷയാത്രകള്‍ നടത്തുന്നത്ബോട്ടപകടം, മദ്യദുരന്തം, വെടികെട്ടപകടം, സ്കൂള്‍ബസ് ദുരന്തം, ഉത്സവ പറമ്പില്‍ ആനയ്ക്ക് മദമിളകല്‍ ഇപ്രകാരം മനസ്സിനെ അസ്വസ്ഥമാക്കുന്ന തലക്കെട്ടുക ള്‍വീണ്ടും വീണ്ടും ദൃശ്യ, ശ്രവണ, പത്ര, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് എന്തുകൊണ്ടാണ്?   ഇത് വിരോധാഭാസമല്ലേ?.


ഒരു അനൌദ്യോഗിക കണക്ക് പ്രകാരം 2006 മുതല്‍ 2011 വരെ നമ്മുടെ കേരളത്തില്‍ നടന്ന വിവിധ ദുരന്തങ്ങളില്‍   296 ജീവിതങ്ങള്‍ പൊലിഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് രൂപപ്പെട്ട സംഖ്യ നിസ്സാരമായി പലര്‍‌ക്കും തോന്നിയേക്കാം, പക്ഷേ കണക്കുകളെ ആര്‍ക്കും ഒരിക്കലും അവഗണിക്കാവുന്നതല്ലഒന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ നഷ്ടങ്ങള്‍ നമ്മെ സ്ഥബ്ധരാക്കുന്ന യാഥാര്‍ത്ഥ്യമാണ്അല്ലെങ്കിലും വസ്തുതകളെ നിഷേധിക്കുന്നതും, ലഘൂകരിച്ച് കാണുന്നതും ഒരു തരം ഒളിച്ചോട്ടമാണ്ഒളിച്ചോട്ടങ്ങള്‍ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക് നയിക്കുവാനേ നമ്മെ  സഹായിക്കുകയുള്ളൂ.


ഓരോ ദുരന്തവും കഴിയുമ്പോള്‍ നാം ദുരന്ത കാരണം അന്വേഷിക്കുന്നു.   ഉത്തരവാദികളെ തിരയുന്നു.   എന്തൊക്കെ വീഴ്ചകളാണ് ദുരന്തത്തിന് ഇടവരുത്തിയതെന്ന് അറിയുന്നതിനുംഭാവിയില്‍ സംഭവിച്ചേക്കാവുന്ന  വിപത്തുകള്‍ തടയുന്നതിനും, ഇതൊക്കെ ആവശ്യമാണ്. ഓരോ ദുരന്തത്തിന്റെയും ഉത്തരവാദികളെ കണ്ടെത്തേണ്ടതും, അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതും അത്യാവശ്യം തന്നെ,   ഇതിനെ ഒരിക്കലും ഒളിച്ചോട്ടത്തിന്റെ പട്ടികയില്‍ പെടുത്തുവാന്‍ കഴിയില്ല, പെടുത്തുവാനും പാടില്ല.   പക്ഷേ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിലര്‍ താന്താങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അതി സമര്‍ത്ഥമായി തടി തപ്പുന്നത് നാം കാണാറുണ്ട്അതൊക്കെ അങ്ങനെ നടക്കട്ടെ, അത്തരം വിഷയങ്ങള്‍ ഇവിടെ പ്രതിപദിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.


ദുരന്താനന്തരം നിയമത്തിന് വേണ്ടത് ശിക്ഷ നല്‍കുവാന്‍ പറ്റിയ ഒരു ഉത്തരവാദിയെയാണ്. നാട്ടിലെ ജനാധിപത്യ ഭരണ സംവിധാനം വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ ചില അന്വേഷണങ്ങള്‍ സംഘടിപ്പിക്കും, അത്തരം അന്വേഷണങ്ങള്‍ നടത്തുന്ന അനുഭവ സമ്പന്നരായ വ്യക്തികള്‍ തങ്ങളുടെ കണ്ടെത്തലുകളും, വിപത്തുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള പോംവഴികളും, വിശദമായും, വെടിപ്പായും രേഖാമൂലം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കും.   അനന്തരം അവയെല്ലാം ആരുടെയൊക്കെയോ ഏതൊക്കെയോ അലമാരകളില്‍ അലങ്കാര വസ്തുക്കളായി സ്ഥാനം പിടിക്കും, സമയാസമയങ്ങളില്‍ വീണ്ടും നാം ദുരന്തങ്ങളേയും ദുരിതങ്ങളെയും വരവേറ്റുകൊണ്ടുമിരിക്കും.


ഇതൊക്കെ നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യങ്ങളാണ്സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കുംഅവ മുറപോലെ നടക്കട്ടെ.   പക്ഷേ നമ്മുടെ   സുരക്ഷയുടെ പ്രഥമികമായ ഉത്തരവാദിത്തം നമ്മുടേതാണ്അവനവനെ അവനവന്‍ രക്ഷിച്ചില്ലെങ്കില്‍ ദൈവം പോലും രക്ഷക്കെത്തില്ലെന്ന് നമ്മുടെ പൂര്‍വ്വസൂരികള്‍ പറഞ്ഞു വച്ചിട്ടുണ്ട്. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ഇങ്ങേ അറ്റത്ത് നമ്മളാകയാല്‍ ഇവയെ പ്രതി ജാഗ്രത പാലിക്കണ്ട കടമ നമ്മുടേത് തന്നെയാണ്.   കഴിഞ്ഞ കാലങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ച വിവിധ ദുരന്തങ്ങള്‍ പരിശോധിച്ചാല്‍ കര്‍ത്തവ്യത്തെ കുറിച്ച് നാം തികച്ചും ബോധശൂന്യരായിരുന്നു എന്ന വസ്തുത വ്യക്തമാകും.   നമ്മുടെ സ്ഥിതി മെച്ചപ്പെട്ടുവോഎപ്പോഴാണ് നാം ബോധമുള്‍ക്കൊള്ളുക?  
കൃതജ്‍ഞത
സുപ്രസിദ്ധ ബ്ലോഗറായ ശ്രീ. പി. വി. ഏരിയല്‍ സര്‍ പ്രസിദ്ധീകരിച്ച 'നമുക്ക് ബ്ലോഗെഴുത്തിലേക്ക് മടങ്ങാം അല്ലേ !' എന്ന ബ്ലോഗാണ് ബ്ലോഗെഴുത്തിലേക്ക് മടങ്ങുവാന്‍ എനിക്ക് പ്രചോദനമായത്. അദ്ദേഹത്തോടുള്ള സ്നഹാദരങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഈ എളിയ രചന പ്രസിദ്ധീകരിക്കുന്നു.
(http://arielintekurippukal.blogspot.in/)












4 comments:

  1. കൊള്ളാം.നല്ല ചിന്തകൾ!!!

    ReplyDelete
    Replies
    1. നന്ദി, സന്തോഷം, വീണ്ടും വന്നാലും.

      Delete
  2. അവനവന്‍ രക്ഷിച്ചില്ലെങ്കില്‍ ദൈവം
    പോലും രക്ഷക്കെത്തില്ലെന്ന് നമ്മുടെ പൂര്‍വ്വസൂരികള്‍
    പറഞ്ഞു വച്ചിട്ടുണ്ട്. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ഇങ്ങേ
    അറ്റത്ത് നമ്മളാകയാല്‍ ഇവയെ പ്രതി ജാഗ്രത പാലിക്കണ്ട കടമ
    നമ്മുടേത് തന്നെയാണ്.

    ReplyDelete
    Replies
    1. വളരെ സന്തോഷം. നന്ദി, വീണ്ടും വന്നാലും.

      Delete