Saturday 31 December 2016

നവവത്സരാശംസകൾ

ഒരു വര്‍ഷം കൂടി കഴിഞ്ഞു.
ഓരോ നിമിഷവും പിന്നിടുമ്പോള്‍ പിന്നിട്ട നിമിഷങ്ങളുടെ എണ്ണം കൂടി വരുന്നു, പിന്നിടുവാനുള്ള നിമിഷങ്ങളുടെ എണ്ണം കുറഞ്ഞ് വരുന്നു, ഇതിനിടയില്‍ ഓര്‍മ്മകളുടെയും പ്രതീക്ഷകളുടെയും കരുതലുകളുമായി നാം സഞ്ചാരം തുടരുന്നു.  ഈ പുതുവര്‍ഷ വേളയില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു സുഹൃത്തിന്റെ  (ജീവിച്ചിരിപ്പില്ല) ജീവിതത്തില്‍ നടന്ന, ഒരു ചെറിയ സംഭവം (anecdote) ഇവിടെ കുറിക്കുകയാണ്:-
നല്ലൊരു നീന്തല്‍ വിദഗ്ദനായ എന്റെ സുഹൃത്ത് വാരാന്ത്യ ഒഴിവുദിനങ്ങളിലും മറ്റും നീന്തികുളിച്ച് രസിക്കുന്നതിനും, ചിലപ്പോള്‍ കല്ലുമ്മക്കായ (mussel) പറിക്കുന്നതിനുമായി കടലില്‍ പോകാറുണ്ടായിരുന്നു.  സൌകര്യ പ്രദമായി ദേഹത്ത് കെട്ടി ഉറപ്പിച്ച വലയിലോ, ചാക്കിലോ, തുണിയിലോ ആണ് കല്ലുമ്മക്കായ ശേഖരിക്കുന്നത്.  ഒരു ദിവസം ഇങ്ങനെ കടലില്‍ പോയി രസിച്ച്, കല്ലുമ്മക്കായയുമായി  തിരികെ വരവെ മുമ്പ് ഒരിക്കലുമില്ലാത്ത വിധം, നീന്തല്‍ അല്‍പ്പം ആയാസകരമായിത്തോന്നി, "ഇതെന്തിങ്ങനെ, ദേഹാസ്വാസ്ഥ്യങ്ങളൊന്നുമില്ലാതെ",  നീന്തലിന്റെ രസക്കയറില്‍ ചിന്തകള്‍ കത്തിവച്ചു, ബുദ്ധിയുടെ നിയമം ദേഹത്ത് കെട്ടിയ കക്കച്ചാക്കിനെ ശ്രദ്ധയുടെ കോടതിയിലെത്തിച്ചു; ചാക്കിന് പതിവിലും കവിഞ്ഞ ഭാരം, എങ്കിലും അത് വകവക്കാതെ നീന്തല്‍ തുടര്‍ന്നു,  അങ്ങനെ നീന്തിക്കൊണ്ടിരിക്കവെ, ലവണജലവീഥിയെ വകഞ്ഞ് മാറ്റി തീരമണയുന്നതിനായി അയാളുടെ കൈകാലുകള്‍ക്ക് കുടുതല്‍ ജോലിചെയ്യേണ്ടതായിവന്നു, കുറച്ചുകൂടെ ചെന്നപ്പോള്‍ വയ്യെന്നായി, - പ്രത്യുല്പന്നമതിയായ എന്റെ സുഹൃത്ത് രണ്ടാമതൊന്ന് ആലോചിക്കാതെ, കല്ലുമ്മക്കായ നിറച്ച ചാക്ക് കടലില്‍ ഉപേക്ഷിച്ച്, സുരക്ഷിതമായി തീരമണഞ്ഞു.
എന്റെ സുഹൃത്ത്, വാരിക്കൂട്ടിയ കല്ലുമ്മക്കായയെക്കാള്‍ വില നല്‍കിയത് അപകടമില്ലാതെ തീരമണയാമെന്നുള്ള പ്രതീക്ഷയ്ക്കാണ്, അതിനായി അദ്ദേഹം കടലില്‍ നിന്ന് ശേഖരിച്ച കക്ക പാടെ ഉപേക്ഷിച്ചു.  പ്രതീക്ഷയുടെ ഭാണ്ഡത്തിന് ഓര്‍മ്മകളുടെ ഭാണ്ഡത്തേക്കാള്‍ കനം ഉണ്ടായിരിക്കണം.  ശരിയായ ലക്ഷ്യബോധമോ വീക്ഷണമോ ഇല്ലാത്ത ആളുകളാണ് ഓര്‍മ്മകളുടെ കൂടാരത്തില്‍ ജീവിതത്തെ തളയ്ക്കുന്നത്.  ഓര്‍മ്മകളും അനുഭവങ്ങളും വിലപ്പെട്ടവയാണെന്നുള്ളത് തര്‍ക്കമൂല്ല്യമുള്ള ഒരു വിഷയമല്ല, എങ്കിലും, ജീവിതയാത്രയ്ക്ക് പ്രതീക്ഷ എന്ന ഇന്ധനം പകരുവാന്‍ അശക്തമാണെങ്കില്‍ അവയെല്ലാം അപ്രസക്തങ്ങളാണ്. 
ഞങ്ങളുടെ ശൈശവത്തില്‍ത്തന്നെ പിതാവ്  നിര്യാതനായി ഞങ്ങളെ വേര്‍പിരിഞ്ഞു.  അമ്മ എന്നെയും, ജ്യേഷ്ടനെയും (ഞങ്ങള്‍ രണ്ടു സഹോദരങ്ങളാണുള്ളത്) വളര്‍ത്തി വലുതാക്കി.  ഈ ലക്ഷ്യബോധമായിരുന്നു അമ്മയുടെ ജീവിതയാത്രയ്ക്ക് ഗതിയേകിയ ഇന്ധനം.  കേന്ദ്ര സര്‍ക്കാര്‍ സേവനത്തില്‍നിന്നും 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച അമ്മയുടെ ജീവിതം ഇപ്പോഴും കര്‍മ്മനിരതമാണ്.  ഈ വാര്‍ദ്ധക്യത്തിലും പുസ്തകവായനയും, തന്നാലാവുന്ന ചെറിയ ജോലികളും, പൂജയും, ധ്യാനവും, പ്രാര്‍ത്ഥനയുമെല്ലാമായി അമ്മ ജീവിതം ധന്യമാക്കുന്നു.  ഇതുപോലുള്ള കരുത്തുറ്റ മഹത് വനിതകള്‍ സമൂഹത്തില്‍ ധാരാളമുണ്ട്, ഓര്‍മ്മകളുടെ തുരുത്തുകളല്ല മറിച്ച് പ്രതീക്ഷകളുടെയും നേട്ടങ്ങളുടെയും ഹരിത ശാദ്വല ഭൂമിയാണ് ഇവരുടെയെല്ലാം കര്‍മ്മകേന്ദ്രം.  ജീവപ്രയാണം നടത്തുന്നവര്‍ക്കുള്ള മികച്ച റോഡ് മാപ്പുകളാണ് ഇത്തരം മഹതികള്‍.
അറപ്പുളവാക്കുന്ന മാലിന്യങ്ങളും, വിലമതിക്കാനാവാത്ത നിധി കലശങ്ങളും കാലക്കടല്‍ ജീവിത തീരത്തേക്ക് ഒഴുക്കിക്കൊണ്ടുവരുന്നു.  മാലിന്യങ്ങള്‍ ജീവിതത്തെ മലീമസമാക്കുന്നു, അവ കുഴിച്ചു മൂടപ്പെടേണ്ടവയാണ്.  നിധികലശങ്ങള്‍ ജീവിതത്തെ ഭാസുരമാക്കുന്നു,  അവ സൂക്ഷിക്കപ്പെടേണ്ടവയാണ്.   വിലമതിക്കാനാവാത്ത ഓര്‍മ്മകളും, അനുഭവങ്ങളും കൈമുതലാക്കി നല്ലതിനായി പ്രതീക്ഷിക്കാം.  മാന്യ വായനക്കാര്‍ക്ക് സ്നേഹം നിറഞ്ഞ നല്ലൊരു വര്‍ഷം ആശംസിക്കുന്നു.  പ്രതീക്ഷയുടെ വൃക്ഷങ്ങള്‍ ഈ വര്‍ഷം തന്നെ ഏവര്‍ക്കും ധാരാളം സദ്ഫലങ്ങളെ പ്രദാനം ചെയ്യട്ടെ.
ഏവര്‍ക്കും നവവത്സരാശംസകള്‍.



Sunday 22 May 2016

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ - 1 (ചോദ്യങ്ങള്‍)



സന്തോഷമില്ലെങ്കിലും സ്വസ്ഥതയും സമാധാനവുമാണ് ഏതൊരു ജീവിയും ആഗ്രഹിക്കുന്നത്.   ശരിയായ ആരോഗ്യമില്ലെങ്കിലും ദൈനംദിന കൃത്യങ്ങളെയും ജീവിതായോധന പ്രക്രിയയെയും ശല്യം ചെയ്യത്തക്ക രോഗങ്ങളൊന്നുമില്ലാത്ത ശരീരസ്ഥിതി,   ശാന്തമായ അന്തരീക്ഷം; സന്മനസുള്ളവര്‍ക്ക് സന്തോഷം കണ്ടെത്തുവാന്‍ ഇതുമതി.   അവനവന്‍ അവനവന്റെ ഉത്തരവാദിത്തങ്ങളിലും കര്‍മ്മങ്ങളിലും ശ്രദ്ധലുവായി മുന്നോട്ടു പോയാല്‍ സഹജീവികള്‍ക്കും അതുപോലെ അവരുടെ പാടും നോക്കി സ്വൈര്യമായി ജീവിക്കാം. അച്ചടക്കമുള്ള ഒരു സാധാരണ ജീവിയുടെ ചിന്താഗതി ഇതാണ്. തത്ത്വശാസ്ത്രങ്ങളുടെ ഭാണ്ഡക്കെട്ടുകള്‍ പേറാത്ത ഏതൊരു ജീവിയും ഇതിന് വിപരീതമായ ഏതൊരാശയത്തെയും പാടെ തള്ളിക്കളയും ആശയത്തിന്റെ ആണിക്കല്ലില്‍ ജീവിത സൗധം കെട്ടിപ്പടുക്കുന്നവരെല്ലാം ദുരിതങ്ങളും ദുരന്തങ്ങളും ഇഷ്ടപ്പെടാത്തവരാണ്.   ജീവിത ഭദ്രതയ്ക്ക്   ഹാനിയുണ്ടാക്കുന്ന കദന ഹേതുകങ്ങളാകയാലാണ് ഏവര്‍ക്കും ഇവയൊക്കെ ഭീതിദമാകുന്നത്.


നമ്മുടെ സമൂഹത്തിന്റെ സിംഹഭാഗവും തത്ത്വശാസ്ത്രം ഉള്‍ക്കൊണ്ട് ഉദരപൂരണവും, കുടുംബ പരിപാലനവും നടത്തി ജീവിത ചക്രം ചവിട്ടുന്നവരാണ്.   എന്നിട്ടും പലതരത്തിലുള്ള ദുരന്തങ്ങളും ദുരിതങ്ങളും നമ്മെ വേട്ടയാടുന്നത് എന്തുകൊണ്ടാണ്? പ്രകൃതി ദുരന്തങ്ങളെ മാറ്റി നിര്‍ത്താംകണക്കില്ലാത്ത ജീവിതങ്ങള്‍ അതി ദാരുണമായി പൊലിഞ്ഞു തീരുന്നു, ഒട്ടനവധി പേര്‍ ഭാഗ്യം കൊണ്ടോ ദൗര്‍ഭാഗ്യം കൊണ്ടോ   ഹതരായോ ജീവന്‍മൃതരായോ ബാക്കിയാവുന്നു, കുറേ പേര്‍ അനാഥരാകുന്നു, കുറേ പേര്‍ വിധവകളാകുന്നു, അച്ഛനമ്മമാര്‍ക്ക് മക്കളെ നഷ്ടപ്പെടുന്നു, മക്കള്‍ക്ക് അച്ഛനമ്മമാര്‍ ഇല്ലാതാകുന്നു ശിഷ്ടകാലം പലരും കട്ടിലിലായി ബന്ധുക്കള്‍ക്ക് ദുരിത പാത്രവും മറ്റുള്ളവര്‍ക്ക് സഹതാപ പാത്രവുമായി കഴിച്ചു കൂട്ടുന്നു.


ഭൂകമ്പം, സുനാമി, കൊടുങ്കാറ്റ്, പേമാരി, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ഓര്‍ക്കാപ്പുറത്ത് വന്നെത്തുന്ന വിപത്തുകളെ ഫലപ്രദമായി നേരിടുവാന്‍ ചിലപ്പോള്‍ നമുക്ക് കഴിഞ്ഞില്ലെന്ന് വരാം.   എന്നാല്‍ എന്തുകൊണ്ടാണ് നമ്മുടെ ദൈനംദിന ജീവിത രഥ്യയില്‍ സ്വയംക‍ൃത അനര്‍ത്ഥങ്ങള്‍ തുടരെ തുടരെ ഘോഷയാത്രകള്‍ നടത്തുന്നത്ബോട്ടപകടം, മദ്യദുരന്തം, വെടികെട്ടപകടം, സ്കൂള്‍ബസ് ദുരന്തം, ഉത്സവ പറമ്പില്‍ ആനയ്ക്ക് മദമിളകല്‍ ഇപ്രകാരം മനസ്സിനെ അസ്വസ്ഥമാക്കുന്ന തലക്കെട്ടുക ള്‍വീണ്ടും വീണ്ടും ദൃശ്യ, ശ്രവണ, പത്ര, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത് എന്തുകൊണ്ടാണ്?   ഇത് വിരോധാഭാസമല്ലേ?.


ഒരു അനൌദ്യോഗിക കണക്ക് പ്രകാരം 2006 മുതല്‍ 2011 വരെ നമ്മുടെ കേരളത്തില്‍ നടന്ന വിവിധ ദുരന്തങ്ങളില്‍   296 ജീവിതങ്ങള്‍ പൊലിഞ്ഞു. അഞ്ച് വര്‍ഷം കൊണ്ട് രൂപപ്പെട്ട സംഖ്യ നിസ്സാരമായി പലര്‍‌ക്കും തോന്നിയേക്കാം, പക്ഷേ കണക്കുകളെ ആര്‍ക്കും ഒരിക്കലും അവഗണിക്കാവുന്നതല്ലഒന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ നഷ്ടങ്ങള്‍ നമ്മെ സ്ഥബ്ധരാക്കുന്ന യാഥാര്‍ത്ഥ്യമാണ്അല്ലെങ്കിലും വസ്തുതകളെ നിഷേധിക്കുന്നതും, ലഘൂകരിച്ച് കാണുന്നതും ഒരു തരം ഒളിച്ചോട്ടമാണ്ഒളിച്ചോട്ടങ്ങള്‍ ദുരന്തങ്ങളില്‍ നിന്ന് ദുരന്തങ്ങളിലേക്ക് നയിക്കുവാനേ നമ്മെ  സഹായിക്കുകയുള്ളൂ.


ഓരോ ദുരന്തവും കഴിയുമ്പോള്‍ നാം ദുരന്ത കാരണം അന്വേഷിക്കുന്നു.   ഉത്തരവാദികളെ തിരയുന്നു.   എന്തൊക്കെ വീഴ്ചകളാണ് ദുരന്തത്തിന് ഇടവരുത്തിയതെന്ന് അറിയുന്നതിനുംഭാവിയില്‍ സംഭവിച്ചേക്കാവുന്ന  വിപത്തുകള്‍ തടയുന്നതിനും, ഇതൊക്കെ ആവശ്യമാണ്. ഓരോ ദുരന്തത്തിന്റെയും ഉത്തരവാദികളെ കണ്ടെത്തേണ്ടതും, അവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കേണ്ടതും അത്യാവശ്യം തന്നെ,   ഇതിനെ ഒരിക്കലും ഒളിച്ചോട്ടത്തിന്റെ പട്ടികയില്‍ പെടുത്തുവാന്‍ കഴിയില്ല, പെടുത്തുവാനും പാടില്ല.   പക്ഷേ അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന ചിലര്‍ താന്താങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് അതി സമര്‍ത്ഥമായി തടി തപ്പുന്നത് നാം കാണാറുണ്ട്അതൊക്കെ അങ്ങനെ നടക്കട്ടെ, അത്തരം വിഷയങ്ങള്‍ ഇവിടെ പ്രതിപദിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല.


ദുരന്താനന്തരം നിയമത്തിന് വേണ്ടത് ശിക്ഷ നല്‍കുവാന്‍ പറ്റിയ ഒരു ഉത്തരവാദിയെയാണ്. നാട്ടിലെ ജനാധിപത്യ ഭരണ സംവിധാനം വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ ചില അന്വേഷണങ്ങള്‍ സംഘടിപ്പിക്കും, അത്തരം അന്വേഷണങ്ങള്‍ നടത്തുന്ന അനുഭവ സമ്പന്നരായ വ്യക്തികള്‍ തങ്ങളുടെ കണ്ടെത്തലുകളും, വിപത്തുകള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള പോംവഴികളും, വിശദമായും, വെടിപ്പായും രേഖാമൂലം ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കും.   അനന്തരം അവയെല്ലാം ആരുടെയൊക്കെയോ ഏതൊക്കെയോ അലമാരകളില്‍ അലങ്കാര വസ്തുക്കളായി സ്ഥാനം പിടിക്കും, സമയാസമയങ്ങളില്‍ വീണ്ടും നാം ദുരന്തങ്ങളേയും ദുരിതങ്ങളെയും വരവേറ്റുകൊണ്ടുമിരിക്കും.


ഇതൊക്കെ നമ്മുടെ നിയന്ത്രണത്തിനപ്പുറമുള്ള കാര്യങ്ങളാണ്സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കുംഅവ മുറപോലെ നടക്കട്ടെ.   പക്ഷേ നമ്മുടെ   സുരക്ഷയുടെ പ്രഥമികമായ ഉത്തരവാദിത്തം നമ്മുടേതാണ്അവനവനെ അവനവന്‍ രക്ഷിച്ചില്ലെങ്കില്‍ ദൈവം പോലും രക്ഷക്കെത്തില്ലെന്ന് നമ്മുടെ പൂര്‍വ്വസൂരികള്‍ പറഞ്ഞു വച്ചിട്ടുണ്ട്. ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും ഇങ്ങേ അറ്റത്ത് നമ്മളാകയാല്‍ ഇവയെ പ്രതി ജാഗ്രത പാലിക്കണ്ട കടമ നമ്മുടേത് തന്നെയാണ്.   കഴിഞ്ഞ കാലങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ച വിവിധ ദുരന്തങ്ങള്‍ പരിശോധിച്ചാല്‍ കര്‍ത്തവ്യത്തെ കുറിച്ച് നാം തികച്ചും ബോധശൂന്യരായിരുന്നു എന്ന വസ്തുത വ്യക്തമാകും.   നമ്മുടെ സ്ഥിതി മെച്ചപ്പെട്ടുവോഎപ്പോഴാണ് നാം ബോധമുള്‍ക്കൊള്ളുക?  
കൃതജ്‍ഞത
സുപ്രസിദ്ധ ബ്ലോഗറായ ശ്രീ. പി. വി. ഏരിയല്‍ സര്‍ പ്രസിദ്ധീകരിച്ച 'നമുക്ക് ബ്ലോഗെഴുത്തിലേക്ക് മടങ്ങാം അല്ലേ !' എന്ന ബ്ലോഗാണ് ബ്ലോഗെഴുത്തിലേക്ക് മടങ്ങുവാന്‍ എനിക്ക് പ്രചോദനമായത്. അദ്ദേഹത്തോടുള്ള സ്നഹാദരങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് ഈ എളിയ രചന പ്രസിദ്ധീകരിക്കുന്നു.
(http://arielintekurippukal.blogspot.in/)












Saturday 21 May 2016

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ - 4 (നമ്മുടെ ബന്ധുവും ശത്രുവും)



മഹാകവി ശ്രീ. ഉള്ളൂര്‍. എസ്. പരമേശ്വരയ്യര്‍‌ 'നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ' എന്ന് എഴുതിയത് നമ്മുടെ ഭാഷയിലാണ്. അദ്ദേഹത്തിന്റെ 'പ്രേമ സംഗീതം' എന്ന കവിതയിലെ വരിയാണിത്. ഈ കവിത സ്ക്കൂളില്‍ പഠിക്കുവാനുമുണ്ട്. വിവേകശാലിയായ ഒരാള്‍ക്ക് ഇത്തരം അറിവുകള്‍ സഹജമായി ഉണ്ടാകുമെന്നുള്ളതിനാല്‍, എല്ലാ ഭാഷകളിലും ഇതേ അര്‍ത്ഥം വരുന്ന കവിതകളോ, വാക്യങ്ങളോ, അഥവ ഈ കവിതയുടെ തന്നെ മൊഴിമാറ്റമോ ഉണ്ടാകും, ഏകദേശം എല്ലാവരും അതൊക്കെ വായിച്ചിരിക്കുവാനും ഇടയുണ്ട്. പക്ഷേ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഇത്തരം അറിവുകളും, നൈസര്‍ഗിക ബോധവും ശരിയായി ഉപയോഗപ്പെടുത്തുവാന്‍ പലര്‍ക്കും കഴിയാറില്ല. ഈ ബോധന്യൂനതയ്ക്ക് കൊടുക്കേണ്ടിവരുന്ന വില പലപ്പോഴും താങ്ങുവാന്‍ കഴിയാത്തതായിരിക്കും. നാം തന്നെയാണ് നമ്മുടെ ബന്ധുവും ശത്രുവും.

ദുരന്തത്തില്‍പ്പെട്ട ബോട്ടുകളിലെ സഞ്ചാരികള്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയിരുന്നില്ലെന്നുള്ളത് ഈ ദശാബ്ദത്തില്‍ നടന്ന എല്ലാ ബോട്ടപകടങ്ങളിലും കാണാവുന്ന ഒരു പൊതുവായ വീഴ്ചയാണ്. അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഈ ബോട്ടുകളിലൊന്നും ലൈഫ്ബോയ് (life buoy) പോലുള്ള സംവിധാനങ്ങള്‍ കരുതിയിരുന്നില്ലെന്ന് സംഭവാനന്തരം മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സവാരി ബോട്ടുകളിലും, വലിയ യാനപാത്രങ്ങളിലുമൊക്കെ പെട്ടെന്ന് എടുത്ത് അനായാസം ഉപയോഗിക്കുവാന്‍ പറ്റുന്ന വിധം, ഇത്തരം സുരക്ഷാ ഉപധികള്‍ യാത്രികര്‍ കാണത്തക്കവിധം ഒരുക്കിവച്ചിരിക്കും. നിലയില്ലാത്ത വെള്ളത്തിന് മുകളിലൂടെയായിരുന്നു ഈ ബോട്ട് യാത്രകള്‍. ലൈഫ് ജാക്കറ്റ് നല്‍കാത്ത, സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കാത്ത, ഈ ബോട്ടുകളില്‍ യാത്ര നടത്തുവാന്‍ സഞ്ചാരികള്‍ കാണിച്ച സന്നദ്ധത അവരുടെ അന്ത്യ യാത്രയ്ക്ക് വഴിയൊരുക്കി.

ഒരേസ്ഥലത്ത് ഒരേ ജോലിചെയ്ത് ഒരേ ആളുകളുടെ ഇടയില്‍ നീങ്ങുന്ന ജീവിതത്തിന്റെ ഏകതാനത ഭഞ്ജിച്ച് മനസിന് നവോന്മഷം നല്‍കുന്നതിനും, സന്തോഷം ലഭിക്കുന്നതിനും, കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വീണ്ടും കര്‍മ്മഭൂമിയില്‍ പുനഃപ്രവേശനം ചെയ്യുന്നതിനുമാണ് എല്ലാവരും വിനോദയാത്രകള്‍ക്കും ഷോപ്പിംഗിനും ഔട്ടിംഗിനും മറ്റും പോക്കുന്നത്. സകുടുംബം നടത്തുന്ന ഇത്തരം യാത്രകള്‍ ഏറെ ആഹ്ലാദകരമായിരിക്കും. അദ്ധ്വാനിച്ചുണ്ടാക്കുന്ന പണം ചെലവിട്ട് നടത്തുന്ന വനോദയാത്രകളുടെ രസം പരമാവധി ആസ്വദിക്കുവാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഉത്തരവാദിത്തങ്ങളും, ഔപചാരികതകളും, നിറഞ്ഞ, വളരെയേറെ ജാഗ്രത ആവശ്യപ്പെടുന്ന ഗൗരവാവഹമായ ദൈനംദിന ജീവിതത്തിന്റ വിരസമായ ഗതിയല്‍നിന്ന് അല്പമൊന്ന് മാറി നില്ക്കുക്കന്നതിനിടയില്‍ വീണ്ടും ഗൗരവവും, ജാഗ്രതയും, ഉത്തരവാദിത്തങ്ങളും പാലിക്കുക എന്നത് ആര്‍ക്കും അംഗീകരിക്കുവാന്‍ കഴിയില്ല. സഞ്ചാരികളുടെ ബാഹുല്യം കണ്ടപ്പോഴും ബോട്ടിന്റ വാഹക ശേഷിയെ കുറച്ച് ചിന്തിക്കുവാന്‍ സഞ്ചാരികളാരും മുതിര്‍ന്നില്ല. രസകരമായ ബോട്ട് സവാരി മാത്രമായിരുന്നു എല്ലാവരുടെയും ലക്ഷ്യം. യാത്രാ വേളയില്‍ കാട്ടു മൃഗങ്ങളെ കണ്ടപ്പോള്‍ നിലയില്ലാത്ത ജലോപരിതലത്തിലാണ് തങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന കാര്യം പോലും സഞ്ചാരികള്‍ മറന്നുപോയി.

അപകടങ്ങളും അത്യാഹിതങ്ങളും ഒന്നിന് പിറകെ മറ്റൊന്നായി പദസഞ്ചലനം ചെയ്യുമ്പോഴും കേള്‍ക്കാം ഹൃദയ ഭേദകമായ മറ്റൊരു വാര്‍ത്ത. അപകടങ്ങള്‍ക്കും അത്യാഹിതങ്ങള്‍ക്കും നമ്മുടെ നാട്ടില്‍ പഞ്ഞമില്ല. ഓരോ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും 'ഇതൊന്നും ഞങ്ങളുമായി ബന്ധപ്പെട്ടതല്ലെന്നും, ഞങ്ങള്‍ക്ക് ബാധകമല്ലെന്നു' മുള്ള മട്ടിലാണ് ഇവിടുത്തെ സേവന ദാതാക്കളുടെ പ്രവര്‍ത്തനങ്ങള്‍. കോട്ടയം ജില്ലയിലെ കുമരകത്ത് 2002 ജൂലായ് മാസം വളരെ വലിയൊരു ബോട്ട് ദുരന്തം നടന്നു, അനന്തരം 5 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ബോട്ടപകടം, തുടര്‍ന്ന് 2 വര്‍ഷം കഴിഞ്ഞ് വീണ്ടും ബോട്ട് ദുരന്തം, അപകടങ്ങള്‍ തടസം കൂടാതെ ആവര്‍ത്തിക്കുമ്പോഴും ആര്‍ക്കും ഒന്നും പരിശോധിക്കുവാനോ, ജാഗ്രത പാലിക്കുവാനോ, ഉത്തരവിത്ത്വ ബോധത്തോടെ പെരുമാറുവാനോ എന്നല്ല, ഒന്നിനും, നേരമില്ല, 'എന്തെങ്കിലുമക്കെ ചെയ്ത് തങ്ങളുടെ പണപ്പെട്ടി നിറക്കണം, ഇതിനിടയില്‍ വല്ലതുമൊക്കെ സംഭവിച്ചെന്നിരിക്കും, അതൊക്കെ നേരിടാവുന്നതേയുള്ളൂ..,'.  ഈ രീതിയിലാണ് നമ്മുടെ നാട്ടിലെ സേവന ദാതാക്കളുടെ ചിന്താഗതി, ഈ മനോഭാവം കൊണ്ട് തന്നെയാണ് നമ്മുടെ നാട് ഗതിപിടിക്കാത്തതും.   ഇനിയെങ്കിലും, ഇത്തരം യാത്രകള്‍ക്കും, വിനോദങ്ങള്‍ക്കും പോകുന്നവര്‍ ജാഗ്രത പുലര്‍ത്തിയാല്‍ അനിഷ്ട സംഭവങ്ങളില്‍നിന്നും, ദുരന്തങ്ങളില്‍ നിന്നും രക്ഷ നേടാം. ഇങ്ങനെയൊക്കെയാണ് നമ്മുടെ നാട്, ഇവിടെ അവനവന്റെ സുരക്ഷയുടെ പ്രാഥമിക ചുമതല അവനവന്‍ തന്നെയാണ് നിര്‍വ്വഹിക്കേണ്ടത്. വെറുമൊരു ബോട്ട് യാത്രയുടെ കാര്യം മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്
 
നമുക്ക് സ്വാതന്ത്ര്യം കിട്ടിയത് 1947 ലാണ്, എന്നാല്‍ വിദ്യാര്‍ത്ഥികളെ വിനോദയാത്രയ്ക്കും പഠനയാത്രയ്ക്കും കൊണ്ടു പോകുന്നത് സംബന്ധിച്ച് വ്യക്തമായൊരു മാന്വല്‍ തയാറാക്കുന്നത് 2007 ലെ തട്ടേക്കാട് ബോട്ട് ദുരന്തത്തിന് ശേഷമാണ്. എന്നാണാവോ ഇനി സ്കൂള്‍ വാഹന മാന്വല്‍ തയ്യാറാക്കുക.  പല വിദ്യാലയങ്ങളിലും, സ്കൂളിന്റെ നാല് മതിലുകള്‍ക്കുള്ളില്‍ മാത്രമേ കുട്ടികളുടെ മേല്‍ സ്കൂളധികൃതര്‍ ഉത്തരവാദിത്തം കാണിക്കാറുള്ളൂ. സേവനദാതാക്കളെ കുറിച്ച് മുകളില്‍ പരാമര്‍ശിച്ച കാര്യങ്ങളൊക്കെ ഇവിടെയും പ്രസക്തമാണ്. വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തുന്നത് വരെയും, അതിനപ്പുറവുമുള്ള, സ്കൂളിന് വെളിയില്‍ നടക്കുന്ന, പല വിഷയങ്ങളും അദ്ധ്യാപക രക്ഷാകര്‍തൃ യോഗങ്ങളില്‍ അജണ്ടയായി വരേണ്ടതും ശക്തമായ തീരുമാനങ്ങളെടുക്കേണ്ടതും വിശകലന, വിമര്‍ശനാത്മക തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുമുണ്ട്. ഇത് കുട്ടികളിലും രക്ഷാകര്‍ത്താക്കളിലും സുരക്ഷിത ബോധവും ആത്മവിശ്വാസവും സൃഷ്ടിക്കും എന്നതിനേക്കാൾ, ലൈംഗിക ചുഷണമുള്‍പ്പെടെയുള്ള പല വിധ ചൂഷണങ്ങളില്‍നിന്നും നമ്മുടെ കുട്ടികള്‍ക്കുള്ള സംരക്ഷണവും, വളരെ ആരോഗ്യമുള്ള ഒരു ഭാവി തലമുറയുടെ സൃഷ്ടിയും ഇതുവഴി സാർത്ഥകമാകും.  പല വിദ്യാലയങ്ങളും അദ്ധ്യാപക രക്ഷാകര്‍തൃ സമിതിയെ പ്രോത്സാഹിപ്പിക്കുന്നില്ല. സ്കൂളുകളില്‍ ഈ സംവിധാനം നിയമം മൂലം നിര്‍ബന്ധമാക്കുകയും യോഗ നടപടി ക്രമങ്ങള്‍ ഗ്രാമപഞ്ചായത്തികളിലെ ഗ്രാമസഭാ മിനുട്ട്സ് ബുക്ക് സൂക്ഷിക്കുന്ന അത്രയും പ്രാധാന്യത്തോടെ സൂക്ഷിക്കുവാനുള്ള വ്യവസ്ഥ ഉണ്ടാക്കേണ്ടതും വളരെ ആവശ്യമാണ്. തദ്ദേശ സ്വയം ഭരണ പ്രതിനിധികളെ ഈ സമിതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെയേറെ പ്രയോജനം ചെയ്യും. ഇരിക്കുര്‍, തട്ടേക്കാട്, പാര്‍വ്വതീപുത്തനാര്‍ ദുരന്തങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്ന ഒരു വിഷയമാണിത്.

ഈയിടെ നമ്മുടെ നാടിനെ പിടിച്ചുലച്ച പരവൂര്‍ വെടിക്കെട്ട് ദുരന്തം, ദാരുണമായി പോയെങ്കിലും, മനുഷ്യരുടെ അതിരും എതിരുമില്ലാത്ത അഹന്തയെയും, വിവരക്കേടിനെയും സ്പഷ്ടമായി അടയാളപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു. അപകടങ്ങള്‍ സംഭവിച്ചേക്കാം എന്ന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി, അധികാരമുപയോഗിച്ച് അനുമതി നിഷേധിച്ച് അവ ഒഴിവാക്കാന്‍ ശ്രമം നടത്തിയാല്‍ പോലും അപകടങ്ങളില്‍ നിന്നും ദുരന്തങ്ങളില്‍നിന്നും നമ്മളെ രക്ഷിക്കുവാന്‍ ആര്‍ക്കും കഴിയില്ലെന്നത് തികച്ചും ലജ്ജാവഹമാണ്. കഠോരമായ ഈ യാഥാര്‍ത്ഥ്യം വിളംബരം ചെയ്യുന്നത് നമ്മുടെയും നമ്മുടെ നാടിന്റെയും സുരക്ഷയുടെ പ്രാഥമിക ചുമതല നിര്‍വഹിക്കേണ്ടത് നമ്മള്‍ തന്നെയാണെന്ന വസ്തുതയാണ്. എല്ലാ വര്‍ഷവും വെടിക്കെട്ടിന് ശേഷം പൂവെടിത്തറയ്ക്ക് 2-3 കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകള്‍ക്ക്, ജാലകചില്ലുടയുക, ചുവരില്‍ വിള്ളല്‍ വീഴുക, പുരത്തറയ്ക്ക് പൊട്ടല്‍ വീഴുക തുടങ്ങിയ കേടുപാടുകള്‍ സംഭവിക്കുക പതിവാണ്.  ഇതില്‍ നിന്ന് മോചനം നേടുവാന്‍ പ്രദേശവാസികള്‍ പുറ്റിങ്ങല്‍ ദേവീ ക്ഷത്രത്തിലെ കരിമരുന്ന് പരിപാടിക്കും, മത്സരത്തിനുമെതിരെ പല തവണ വിവിധ അധികാരസ്ഥാനങ്ങളില്‍ പരാതിനല്‍യിരുന്നു; പക്ഷേ ആരുടെയൊക്കെയോ വീണ്ടുവിചാരമില്ലായ്മയും, വിവേകരാഹിത്യവും, ഒടുവിൽ പുറ്റിങ്ങലിനെ മരണക്കളമാക്കി മാറ്റി.  പരിവേദനങ്ങള്‍ക്ക് നിവേദനങ്ങള്‍ പരിഹാരമാകുന്നില്ലെങ്കില്‍ നാമൊക്കെ ഇവിടെ ചത്ത് തുലയണമെന്നാണോ; വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ അടുത്ത വഴി ആലോചിച്ചുകൂടേ ?

ആനകള്‍ക്ക് വിഷമങ്ങളും അസ്വസ്ഥയും അനുഭവപ്പെടുന്നതും, നമ്മുടെ നാട്ടില്‍ ഉത്സവങ്ങള്‍ നടക്കുന്നതും ഒരേ കാലത്താണ് (ജനുവരി മുതല്‍ ഏപ്രില്‍ വരെ), ഉത്സവ കമ്മിറ്റികള്‍ക്ക് അറിയാത്ത ഈ വസ്തുത ആനകള്‍തന്നെ നിരവധി തവണ നേരിട്ട് അവരെ അറിയിച്ചിട്ടുണ്ടെന്നുള്ള  കാര്യം വെറുമൊരു നര്‍മ്മമായി എടുക്കേണ്ടതില്ല. ആനകളുടെ കണ്ണീരിന് വില കല്‍പ്പിക്കാത്തവര്‍ മനുഷ്യന്റെ കണ്ണീരിന് വില കല്പിക്കുമെന്ന് കരുതിയ നമ്മുടെ ആദരണീയ കവയത്രി ശ്രീമതി. സുഗതകുമാരി നിരാശപ്പെട്ട കാര്യം കവയത്രിതന്നെ പത്രത്തില്‍ എഴുതിയിരുന്നു. എന്നാല്‍ കമ്മിറ്റികള്‍ക്ക് ആനയില്ലാത്ത ഉത്സവങ്ങളെക്കുറിച്ച് ചിന്തിക്കുവാനാകുന്നില്ല. ഈ അവസ്ഥ മാറേണ്ടത് തന്നെയാണ് ഇതില്‍ മാറ്റം വരുത്തേണ്ടത് നമ്മളാണ് മറ്റാരുമല്ല. പ്രശ്നങ്ങളും വൈഷമ്മ്യങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുന്ന, അപാര ദേഹ ബലമുള്ള ഒരു മിണ്ടാ പ്രാണിയെ പൊടിപടലങ്ങള്‍ നിറഞ്ഞ ശബ്ദമുഖരിതമായ അന്തരീക്ഷത്തില്‍, ആള്‍കൂട്ടത്തിനിടയില്‍ കൊണ്ടുവന്ന്, പുറത്ത് ആളുകളെയും കയറ്റി, ഏറെ നേരം നിര്‍ത്തിക്കുന്ന സമ്പ്രദായം മാറേണ്ടതുണ്ട്. ചരാചരങ്ങളുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി നിലകൊള്ളുന്ന ഒരു ദേവതയും ഈ ആചാരത്തെ (?) പിന്തുണയ്ക്കില്ലെന്ന വസ്തുത മനസിലാക്കുവാന്‍ സാമാന്യ ബുദ്ധിപോലും ആവശ്യമില്ല.

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ പ്രാഥമികമായി ധരിച്ചിരിക്കേണ്ട തത്ത്വം, നമ്മുടെ സുരക്ഷയെപ്പറ്റി ചിന്തിക്കേണ്ടതും അത് ഉറപ്പുവരുത്തേണ്ടതും നമ്മള്‍ തന്നെയാണെന്നുള്ളതാണ്. ഇതിന് പ്രാഥമികമായി വേണ്ടത് വരും വരായ്കകളെ കുറിച്ച് ചിന്തിക്കുവാനുള്ള ക്ഷമയും അല്പം വിവേകവും, ജാഗ്രതയുമാണ്. നമുക്ക് സന്തോഷം നല്‍ക്കുന്ന ഒരു വിഷയം ഒരു ഘട്ടത്തില്‍ സങ്കടമായി ഭവിക്കും, ആകയാല്‍ ഓരോ വിഷയത്തിലും സന്തോഷം സങ്കടമായി മാറുന്ന ഒരു ബിന്ദു അഥവ ഒരു അടയാളം ഉണ്ട്. ആ ബിന്ദുവെ കുറിച്ചുള്ള അറിവ് സഹജമായിത്തന്നെ എല്ലാവരിലും ഉണ്ട്പ്രസ്തുത ബിന്ദുവെ മനസിലാക്കുന്നതിനും, മാനിക്കുന്നതിനുമുള്ള വിവേകം നാം കാണിക്കാണം,  ആവശ്യമെങ്കില്‍ അതിനായി മാനസിക പരിശീലനം നേടുവാന്‍ പോലും തയ്യാറാകണം.

സുനാമി വരുമെന്ന് വിചാരിച്ച് ജീവിക്കുവാന്‍ കഴിയുമോ എന്നൊരു സംശയം പ്രസക്തമാണ്. എന്നാല്‍ വരാനിരിക്കുന്ന സുനാമിയെ കുറിച്ചല്ല ഈ കുറിപ്പ്, പ്രത്യുത അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍ എങ്ങനെ പെരുമാറണം എന്നത് സംബന്ധിച്ചാണ്. വണ്ടി നിറുത്തുന്ന സ്റ്റേഷനുകളിലെല്ലാം ഇറങ്ങി 'കളിക്കാ'തെ, ഫുട് ബോര്‍ഡില്‍ യാത്രചെയ്യാതെ, സഹയാത്രികരെ ശല്യപ്പെടുത്താതെ, ഒരു യാത്രികന് റെയില്‍വെ നിശ്ചയിച്ചിട്ടുള്ള അതിര്‍വരമ്പിനുള്ളില്‍ നിന്നുകൊണ്ട് പരമാവധി ആസ്വദിച്ച് യാത്രചെയ്യുക. ട്രെയിന്‍യാത്രയോട് വളരെയേറെ സാമ്യമുള്ളതാണ് നമ്മുടെ ജീവിതം.

ആദിയും, അന്തവുമില്ലാത്ത കാലസ്ഥിതിയില്‍ മൊട്ടിട്ട പ്രപഞ്ചം ഒരു സുമ സമാനം വിരിഞ്ഞ് വികാസം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ വികാസ പ്രക്രിയയുടെ ഒരു സുദശയില്‍ ബോധം ധരിച്ച മാനവ കുലമുണ്ടായി. തങ്ങളുടെ സൗകര്യത്തിനായി, ബോധശേഷി പ്രയോജനപ്പെടുത്തി അനന്തമായ കാലത്തെ അടുക്കിലും, ചിട്ടയിലും അളന്ന് തിട്ടപ്പെടുത്തുന്നതിനും, അടയാളപ്പെടുത്തുന്നതിനുമുള്ള സംവിധാനം മനുഷ്യര്‍ രൂപപ്പെടുത്തി. അങ്ങനെ അനന്തമായ കാല ചക്രത്തിന് കയ്യും കണക്കുമുണ്ടായി.

ഒരു ശിശുവോടൊപ്പംതന്നെ അതിന്റെ മരണവും ജനനമെടുക്കുന്നു. അല്പം വിശദമായി പറഞ്ഞാല്‍ പിറവി കൊണ്ടിട്ടുണ്ടെങ്കില്‍ അറുതി അപരിഹാര്യമാണ്. ജീവിച്ചിരിക്കുന്ന നിമിഷം ഓരോന്ന് കഴിയുന്ന മാത്രയില്‍ നമ്മുടെ മരണവും നടന്നുകൊണ്ടിരിക്കുന്നു; നമ്മുടെ അസ്ഥിത്വത്തിന്റെ നൈരന്തര്യം ഒരേപോലെ ജീവിതത്തിലും മരണത്തിലും കലൂന്നിയതാണ്. മരണം ഒരു സ്വാഭാവിക പ്രക്രിയയാണ്, യഥാ സമയം അത് വന്നുകൊണ്ടേയിരിക്കും., എന്നാല്‍ നാം ഉണര്‍വ്വിലേക്കു് കുതിക്കുന്ന നിമിഷങ്ങള്‍, - അവ ഓരോന്നും പ്രകാശമാനമായിത്തന്നെയിരിക്കണം. അല്ലാത്ത പക്ഷം ജനിമൃതികള്‍ക്ക് അര്‍ത്ഥമില്ലാതാകും, - കാരണം ജീവിച്ചാലല്ലേ മരിക്കുവാന്‍ കഴിയുകയുള്ളൂ.