Saturday 31 December 2016

നവവത്സരാശംസകൾ

ഒരു വര്‍ഷം കൂടി കഴിഞ്ഞു.
ഓരോ നിമിഷവും പിന്നിടുമ്പോള്‍ പിന്നിട്ട നിമിഷങ്ങളുടെ എണ്ണം കൂടി വരുന്നു, പിന്നിടുവാനുള്ള നിമിഷങ്ങളുടെ എണ്ണം കുറഞ്ഞ് വരുന്നു, ഇതിനിടയില്‍ ഓര്‍മ്മകളുടെയും പ്രതീക്ഷകളുടെയും കരുതലുകളുമായി നാം സഞ്ചാരം തുടരുന്നു.  ഈ പുതുവര്‍ഷ വേളയില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ഒരു സുഹൃത്തിന്റെ  (ജീവിച്ചിരിപ്പില്ല) ജീവിതത്തില്‍ നടന്ന, ഒരു ചെറിയ സംഭവം (anecdote) ഇവിടെ കുറിക്കുകയാണ്:-
നല്ലൊരു നീന്തല്‍ വിദഗ്ദനായ എന്റെ സുഹൃത്ത് വാരാന്ത്യ ഒഴിവുദിനങ്ങളിലും മറ്റും നീന്തികുളിച്ച് രസിക്കുന്നതിനും, ചിലപ്പോള്‍ കല്ലുമ്മക്കായ (mussel) പറിക്കുന്നതിനുമായി കടലില്‍ പോകാറുണ്ടായിരുന്നു.  സൌകര്യ പ്രദമായി ദേഹത്ത് കെട്ടി ഉറപ്പിച്ച വലയിലോ, ചാക്കിലോ, തുണിയിലോ ആണ് കല്ലുമ്മക്കായ ശേഖരിക്കുന്നത്.  ഒരു ദിവസം ഇങ്ങനെ കടലില്‍ പോയി രസിച്ച്, കല്ലുമ്മക്കായയുമായി  തിരികെ വരവെ മുമ്പ് ഒരിക്കലുമില്ലാത്ത വിധം, നീന്തല്‍ അല്‍പ്പം ആയാസകരമായിത്തോന്നി, "ഇതെന്തിങ്ങനെ, ദേഹാസ്വാസ്ഥ്യങ്ങളൊന്നുമില്ലാതെ",  നീന്തലിന്റെ രസക്കയറില്‍ ചിന്തകള്‍ കത്തിവച്ചു, ബുദ്ധിയുടെ നിയമം ദേഹത്ത് കെട്ടിയ കക്കച്ചാക്കിനെ ശ്രദ്ധയുടെ കോടതിയിലെത്തിച്ചു; ചാക്കിന് പതിവിലും കവിഞ്ഞ ഭാരം, എങ്കിലും അത് വകവക്കാതെ നീന്തല്‍ തുടര്‍ന്നു,  അങ്ങനെ നീന്തിക്കൊണ്ടിരിക്കവെ, ലവണജലവീഥിയെ വകഞ്ഞ് മാറ്റി തീരമണയുന്നതിനായി അയാളുടെ കൈകാലുകള്‍ക്ക് കുടുതല്‍ ജോലിചെയ്യേണ്ടതായിവന്നു, കുറച്ചുകൂടെ ചെന്നപ്പോള്‍ വയ്യെന്നായി, - പ്രത്യുല്പന്നമതിയായ എന്റെ സുഹൃത്ത് രണ്ടാമതൊന്ന് ആലോചിക്കാതെ, കല്ലുമ്മക്കായ നിറച്ച ചാക്ക് കടലില്‍ ഉപേക്ഷിച്ച്, സുരക്ഷിതമായി തീരമണഞ്ഞു.
എന്റെ സുഹൃത്ത്, വാരിക്കൂട്ടിയ കല്ലുമ്മക്കായയെക്കാള്‍ വില നല്‍കിയത് അപകടമില്ലാതെ തീരമണയാമെന്നുള്ള പ്രതീക്ഷയ്ക്കാണ്, അതിനായി അദ്ദേഹം കടലില്‍ നിന്ന് ശേഖരിച്ച കക്ക പാടെ ഉപേക്ഷിച്ചു.  പ്രതീക്ഷയുടെ ഭാണ്ഡത്തിന് ഓര്‍മ്മകളുടെ ഭാണ്ഡത്തേക്കാള്‍ കനം ഉണ്ടായിരിക്കണം.  ശരിയായ ലക്ഷ്യബോധമോ വീക്ഷണമോ ഇല്ലാത്ത ആളുകളാണ് ഓര്‍മ്മകളുടെ കൂടാരത്തില്‍ ജീവിതത്തെ തളയ്ക്കുന്നത്.  ഓര്‍മ്മകളും അനുഭവങ്ങളും വിലപ്പെട്ടവയാണെന്നുള്ളത് തര്‍ക്കമൂല്ല്യമുള്ള ഒരു വിഷയമല്ല, എങ്കിലും, ജീവിതയാത്രയ്ക്ക് പ്രതീക്ഷ എന്ന ഇന്ധനം പകരുവാന്‍ അശക്തമാണെങ്കില്‍ അവയെല്ലാം അപ്രസക്തങ്ങളാണ്. 
ഞങ്ങളുടെ ശൈശവത്തില്‍ത്തന്നെ പിതാവ്  നിര്യാതനായി ഞങ്ങളെ വേര്‍പിരിഞ്ഞു.  അമ്മ എന്നെയും, ജ്യേഷ്ടനെയും (ഞങ്ങള്‍ രണ്ടു സഹോദരങ്ങളാണുള്ളത്) വളര്‍ത്തി വലുതാക്കി.  ഈ ലക്ഷ്യബോധമായിരുന്നു അമ്മയുടെ ജീവിതയാത്രയ്ക്ക് ഗതിയേകിയ ഇന്ധനം.  കേന്ദ്ര സര്‍ക്കാര്‍ സേവനത്തില്‍നിന്നും 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിരമിച്ച അമ്മയുടെ ജീവിതം ഇപ്പോഴും കര്‍മ്മനിരതമാണ്.  ഈ വാര്‍ദ്ധക്യത്തിലും പുസ്തകവായനയും, തന്നാലാവുന്ന ചെറിയ ജോലികളും, പൂജയും, ധ്യാനവും, പ്രാര്‍ത്ഥനയുമെല്ലാമായി അമ്മ ജീവിതം ധന്യമാക്കുന്നു.  ഇതുപോലുള്ള കരുത്തുറ്റ മഹത് വനിതകള്‍ സമൂഹത്തില്‍ ധാരാളമുണ്ട്, ഓര്‍മ്മകളുടെ തുരുത്തുകളല്ല മറിച്ച് പ്രതീക്ഷകളുടെയും നേട്ടങ്ങളുടെയും ഹരിത ശാദ്വല ഭൂമിയാണ് ഇവരുടെയെല്ലാം കര്‍മ്മകേന്ദ്രം.  ജീവപ്രയാണം നടത്തുന്നവര്‍ക്കുള്ള മികച്ച റോഡ് മാപ്പുകളാണ് ഇത്തരം മഹതികള്‍.
അറപ്പുളവാക്കുന്ന മാലിന്യങ്ങളും, വിലമതിക്കാനാവാത്ത നിധി കലശങ്ങളും കാലക്കടല്‍ ജീവിത തീരത്തേക്ക് ഒഴുക്കിക്കൊണ്ടുവരുന്നു.  മാലിന്യങ്ങള്‍ ജീവിതത്തെ മലീമസമാക്കുന്നു, അവ കുഴിച്ചു മൂടപ്പെടേണ്ടവയാണ്.  നിധികലശങ്ങള്‍ ജീവിതത്തെ ഭാസുരമാക്കുന്നു,  അവ സൂക്ഷിക്കപ്പെടേണ്ടവയാണ്.   വിലമതിക്കാനാവാത്ത ഓര്‍മ്മകളും, അനുഭവങ്ങളും കൈമുതലാക്കി നല്ലതിനായി പ്രതീക്ഷിക്കാം.  മാന്യ വായനക്കാര്‍ക്ക് സ്നേഹം നിറഞ്ഞ നല്ലൊരു വര്‍ഷം ആശംസിക്കുന്നു.  പ്രതീക്ഷയുടെ വൃക്ഷങ്ങള്‍ ഈ വര്‍ഷം തന്നെ ഏവര്‍ക്കും ധാരാളം സദ്ഫലങ്ങളെ പ്രദാനം ചെയ്യട്ടെ.
ഏവര്‍ക്കും നവവത്സരാശംസകള്‍.