Sunday 25 March 2018

ശൂന്യവേദികളില്‍..

      സ്നേഹധനരായ വ്യക്തികള്‍ നമ്മെ വിട്ട് പിരിയുമ്പോഴുണ്ടാവുന്ന ശൂന്യതയെ നാം 'മിസ്സിംഗ്' എന്ന് വിശേഷിപ്പിക്കാറുണ്ട്.  നാളുകള്‍ കഴിഞ്ഞ് കണ്ടുമുട്ടുന്ന ഉറ്റമിത്രങ്ങളുമായുള്ള സംഭാഷണ വേളയിലും, ഫോണ്‍ വിളികളിലുമെല്ലാം നാം മിസ്സിംഗിനെ കുറിച്ച് ഓര്‍ക്കുകയും പറയുകയുമൊക്കെ ചെയ്യുന്നു.  ഒരു കാലത്ത് ആ വ്യക്തികള്‍ ഉള്‍പ്പെട്ടിരുന്ന നമ്മുടെ സൌഹൃദ വൃത്തം നല്‍കിയ ആഹ്ലാദം, ഉല്ലാസം, സാന്ത്വനം, സൌഖ്യം, ശാന്തി തുടങ്ങിയ സുഖദ സ്ഥിതികളുടെ ഏറ്റക്കുറച്ചിലുളോ രൂപമാറ്റങ്ങളോ അഥവ അവയുടെ പൂര്‍ണ്ണമായ ഇല്ലായ്മയെയോ ആണ് 'മിസ്സിംഗ്' എന്ന പദം കൊണ്ട് നാം വരച്ചിടുന്നത്.

     'Missing' എന്ന ആംഗല പദത്തെ 'Lost', 'Absent', 'Lacking', 'Wanting', 'Bereft' എന്നിങ്ങനെ നീളുന്ന വിവിധ പദങ്ങള്‍ കൊണ്ടാണ് നിര്‍വ്വചിക്കുന്നത്; ഈ ശബ്ദങ്ങളെല്ലാം 'നഷ്ടം', 'അഭാവം', 'ശൂന്യത', 'ആവശ്യകത' തുടങ്ങിയ മനോനിലകളെയാണ് നമ്മുടെ ബോധത്തിലേക്ക് സന്നിവേശിപ്പിക്കുന്നത്.

     വൈവിധ്യമാര്‍ന്നതോ അല്ലാത്തതോ ആയ നമ്മുടെ കര്‍മ്മ നിയോഗങ്ങള്‍ വച്ച് നീട്ടുന്ന അനുപേക്ഷണീയമായ മാറ്റങ്ങളുടെ പൊതികളഴിക്കുമ്പോള്‍ ആദ്യം കാണുന്ന വിവര്‍ണ്ണ വര്‍ണ്ണങ്ങളാണ് മിസ്സിംഗ്.  സഹപാഠികള്‍, സഹപ്രവര്‍ത്തകര്‍,  ഉറ്റവരും ഉടയവരും എന്നുവേണ്ട നാം ഇടപഴകിവന്ന വ്യക്തികളുടെയും, വീട്ടില്‍ വളരുന്ന അരുമകളുടെയും, -എന്തിന് പതിവായി ഉപയോഗിച്ചുവരുന്ന വസ്തുക്കളുടെ പോലും വിയോഗം, സന്തോഷ സന്താപ വേളകളില്‍ ഒരുതരം ശൂന്യത നമ്മുടെ മനസില്‍ സൃഷ്ടിക്കുന്നു.  ഈ നഷ്ടബോധം വ്യത്യസ്ഥ വ്യാപ്തിയിലുള്ള ഭാരവും, ആയാസവും മനസിനേല്‍പ്പിക്കുന്നു.

     നാം താമസിക്കുന്ന പ്രദേശവും, പതിവായി നടക്കുന്ന വഴികളും തെരുവീഥികളും നമുക്ക് അന്യമായി, പുതിയ നാടും, നഗരവും, തെരുവോരങ്ങളും നമ്മെ സ്വാഗതം ചെയ്യുമ്പോള്‍ അവിടെ കാണാകുന്ന പഴയവയുടെ ഛായയും, നിറങ്ങളും, വേദ്യമാവുന്ന മണങ്ങളും, രുചികളും കാണാകുന്ന ആകമാന ദൃശ്യങ്ങളും സ്മൃതി തീരങ്ങളെ നനച്ച് തിരികെ പോകുന്നു.   

     ഒരു ദിവസം അമ്മയുടെ (ഭാര്യാമാതാവ്)  ഫോണ്‍കോള്‍ വന്നു, ചില അത്യാവശ്യ കാര്യങ്ങള്‍ക്കായി ഭാര്യയോട് വീട്ടിലേക്ക് ചെല്ലുവാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കോള്‍.  രണ്ട് ദിവസത്തേക്കുള്ള ചിട്ടവട്ടങ്ങള്‍ ഒരുക്കിവച്ചും, ഭോജനം തയ്യാറാക്കുന്നതിനുള്ള തരങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചും, മറ്റ് ചില സുപ്രധാന കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയും അവള്‍ നാട്ടിലേക്ക് വണ്ടി കയറി.  രണ്ടു ദിവസം തനിച്ച് പ്രാതലും മറ്റും തയ്യാറാക്കുന്ന വേളകളും, അവള്‍ക്ക് പ്രത്യേകമായി സഹായം ചെയ്യുന്ന ചില ജോലി സമയങ്ങളും മിസ്സിംഗിന്റെ ആഴവും, പരപ്പും എന്തെന്ന് ശരിക്കും അറിയിക്കുന്നതായിരുന്നു.

     ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോഴും, സാരോപദേശപ്രധാനമായ പ്രഭാഷണങ്ങള്‍ കേള്‍ക്കുമ്പോഴും, രസം, തൈര്, പുളിയിഞ്ചി, തക്കാളിക്കറി, എന്നിവ കൂട്ടി ഉണ് കഴിക്കുമ്പോഴും, അട പോലുള്ള പലഹാരങ്ങള്‍ കഴിക്കുമ്പോഴും, പൊടിയരിക്കഞ്ഞി കുടിക്കുമ്പോഴും, കിലോമീറ്ററുകള്‍ക്കപ്പുറം ചേട്ടനോടൊപ്പം കഴിയുന്ന അമ്മയെ ഓര്‍മ്മ വരും.

     ചെന്നൈയില്‍നിന്ന് വരുന്ന ചില ഗായകരുടെ കച്ചേരികള്‍ കേള്‍ക്കുമ്പോഴും, ചില രാഗങ്ങളും, ഗാനങ്ങളും, കീര്‍ത്തനങ്ങളും കേള്‍ക്കുമ്പോഴും, ചില പ്രത്യേക വിഷയങ്ങള്‍ സംസാരിക്കുമ്പോഴും, ആത്മീയ, സാഹിത്യ വേദികളിലെത്തുമ്പോഴും ചേട്ടന്‍ നാട്ടിലാണല്ലോ എന്ന ചിന്ത അല്പ നേരത്തേക്ക് മനസിനെ ശൂന്യമാക്കി തിരിച്ചുപോകാറുണ്ട്.

      ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ജോലിക്കായി പഠന പരിശീലങ്ങള്‍ നടത്തിവന്നിരുന്ന കാലത്ത്, വളരെ ക്ഷമയോടെ കാത്തിരുന്ന് ഒപ്പം ആഹരം കഴിച്ചും, തൊടിയില്‍ കൂടെ നടന്നും, പതിവായി കാലത്ത് നാലര മണിക്ക് നക്കി ഉണര്‍ത്തിയും ഒരു പൂച്ച കൂടെയുണ്ടായിരുന്നു, ഒരു തണുപ്പുകാലത്തെ പകര്‍ച്ചപ്പനിയില്‍ അത് യാത്ര പറഞ്ഞു.  ഡോക്ടര്‍ നല്‍കിയ മരുന്നുകള്‍ക്കും, ഞങ്ങളുടെ പരിചരണങ്ങള്‍ക്കും അതിനെ രക്ഷിക്കുവാനായില്ല.  പിന്നീട് ഒരുപാടെണ്ണങ്ങളെ പോറ്റിയപ്പോഴും, വളരെ നാള്‍ വിടാതെ പിന്തുടര്‍ന്ന അസ്വസ്ഥത തന്നെയാണ് മിസ്സിംഗ്.

     കുറച്ചുകാലം മുമ്പ് വീണ്ടും ഒരു സ്ഥലംമാറ്റം, - ജന്മദേശമുള്‍പ്പെടുന്ന മേഖലാ ആസ്ഥാനത്തേക്ക്.. ഔദ്യോഗിക ജീവിതത്തിന് പുറമെ നേരിട്ട് ശ്രദ്ധപതിപ്പിക്കേണ്ട ചില ഗാര്‍ഹിക ഉത്തരവാദിത്തങ്ങള്‍ കൂടി ഏറ്റെടുക്കുവാന്‍ വീണുകിട്ടിയ ഒരവസരം,- എങ്കിലും വളരെക്കാലം ഭാര്യയുമൊന്നിച്ച് താമസിച്ചുവന്ന നഗരം, പ്രവൃത്തിയെടുത്ത ആഫീസ്.

     ശിഷ്യത്വം നല്‍കി, നിരുപാധികം സ്നേഹവും, അനുഗ്രഹാശിസുകളും, പ്രോത്സാഹനങ്ങളും നല്‍കിയ, സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദ്വാനായ, ഗുരുനാഥന്‍, തമാശകള്‍ പറഞ്ഞും, ഒപ്പം ആഹാരം കഴിച്ചും, സുഖാസുഖങ്ങള്‍ പറഞ്ഞും സ്വന്തം സഹോദരനോടെന്നപോലെ ഇടപഴകിയ സഹപ്രവര്‍ത്തകര്‍, അതിബൃഹത്തായ ഓഫീസ് സംവിധാനത്തിലെ, ഔദ്യോഗിക അതിര്‍ വരമ്പുകള്‍ അതിലംഘിക്കാതെ സ്നേഹവും, സ്വാതന്ത്ര്യവുമെടുത്ത് പെരുമാറിയ വിവിധ തട്ടുകളിലെ ജീവനക്കാര്‍, സ്നേഹ സംവാദങ്ങള്‍ ചെയ്തും, സാഹിത്യ ചര്‍ച്ചകള്‍ നടത്തിയും, പുസ്തകങ്ങള്‍ വാങ്ങുവാന്‍ കൂടെ വന്നും വളരെ സന്തോഷത്തോടെ എപ്പോഴും കൂടെയുണ്ടായിരുന്ന ഒരു ഓഫീസര്‍. 

     ഭാര്യയോടൊപ്പം ഒഴിവുദിനങ്ങളും, വിശ്രമവേളകളും സോല്ലാസം ചെലവഴിച്ച, നഗരത്തിലെ, അതി സുന്ദരമായ പാതയോരങ്ങളും, ബീച്ചുകളും, പാര്‍ക്കുകളും, ഡാം സൈറ്റുകളും, നഗര പ്രാന്തങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും; പൂക്കളുടെ സുഗന്ധം പരന്ന തെരുവുകള്‍, ക്ഷേത്ര ദര്‍ശനങ്ങള്‍, പ്രകാശത്തില്‍ നീരാടി നില്‍ക്കുന്ന ഷോപ്പിംഗ് മാളുകള്‍... മിസ്സിംഗുകള്‍ ഒരിക്കലും മിസ്സാകാതെ നമ്മെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കും.

              പക്ഷേ എന്താണ് മിസ്സിംഗ്..? 'കാര്യമായി ഉള്ളില്‍ത്തട്ടിയ കലര്‍പ്പില്ലാത്ത അടുപ്പവും, സ്നേഹവും' ആണോ?  ഈ ചോദ്യം മറുപടിക്കായി അഭിജ്ഞര്‍ക്ക് സമര്‍പ്പിക്കാം.

     ജീവനദിയുടെ പ്രവാഹം അനസ്യൂതമാണ്,- ആ ഒഴുക്കില്‍ പലതും വന്നുചേരുകയും, നഷ്ടപ്പെടുകയും, തിരികെ വന്നെത്തുകയും, പിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യുന്നു.  വര്‍ഷങ്ങള്‍ക്ക് മുമ്പ് നവിമുംബൈ (അന്ന് പന്‍വേല്‍) യില്‍ വച്ച് സൂഫിയായ സുഹൃത്തിനോട് യാത്രപറയവെ പറന്നകലുന്ന പറവകളെ നോക്കി അവന്‍ പറഞ്ഞ മറുമൊഴികള്‍ ഈ എളിയ ചിന്തകള്‍ ഇവിടെ കുറിച്ചിടുമ്പോള്‍ വീണ്ടും എന്റെ കാതുകളില്‍ മന്ത്രിക്കുകയാണ്. -"ജനിച്ച അന്ന് മുതല്‍ തുടങ്ങുന്ന ഓരോ കണ്ടുമുട്ടലുകളും, പരിചയപ്പെടലുകളും, കൂടിക്കാഴ്ചകളും, ചങ്ങാത്തങ്ങളും ഒരുദിനം, യാത്രചൊല്ലിയോ അല്ലാതെയോ, വേര്‍പിരിയുവാനുള്ളതാണ്".