Saturday 21 May 2016

ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ - 3 (പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം.)



കൊല്ലം ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളിലൊന്നാണ് പരവൂര്‍. പരവൂര്‍, എടവാ കായലുകളുടെ സാമീപ്യം കൊണ്ട് വളരെ മനോഹരമാണ് ഈ പ്രദേശം. ഏകദേശം 1-1.5 കിലോമീറ്റര്‍ പടിഞ്ഞാട്ട് മാറി കടല്‍. പ്രധാനപ്പെട്ട തീവണ്ടികളെല്ലാം നിര്‍ത്തുന്ന, സാമാന്യം ഭേദപ്പെട്ട പരവൂര്‍ ടൗണ്‍, കൊല്ലം ജില്ലാ ആസ്ഥാന പട്ടണത്തിന് 20-21 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കയര്‍ വ്യവസായം, മീന്‍പിടുത്തം തുടങ്ങിയ മേഖലകളിലാണ് ഇവിടുത്തെ ജനങ്ങള്‍ കൂടുതലായും തൊഴില്‍ എടുക്കുന്നത്.


പരവൂര്‍ ടൗണിന് അര കിലോമീറ്റര്‍ പടിഞ്ഞാറാണ് നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള പുറ്റിങ്ങല്‍ ദേവീക്ഷേത്രം, ഐതിഹ്യ പ്രകാരം പുറ്റില്‍ വാഴുന്ന ദേവി ആയതുകൊണ്ടാണ് ക്ഷേത്രം പേരില്‍ അറിയപ്പെടുന്നത്. എല്ലാ വര്‍ഷവും മീനഭരണിയോടനുബന്ധിച്ച് ഗംഭീരമായ ആഘോഷങ്ങളോടെ ക്ഷേത്രോത്സവം നടക്കുന്നു. കരിമരുന്ന് പരിപാടിയാണ് ആഘോഷങ്ങളിലെ പ്രധാന ഇനം. രണ്ടോ മൂന്നോ സംഘങ്ങള്‍ തമ്മലുള്ള മത്സരമായാണ് ഇത് നടത്തുന്നത്. ലക്ഷകണക്കിന് രൂപ ചെലവിട്ട് നടത്തുന്ന ഇവിടുത്തെ മത്സരകമ്പം ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണമാണ്, ഇത് കാണുവാന്‍ വിവിധ ദേശങ്ങളില്‍ നിന്നും അസംഖ്യം പേര്‍ ഇവിടെ എത്താറുണ്ട്. അക്ഷരാര്‍ത്ഥത്തില്‍ കമ്പം (കമ്പനം കൊള്ളിക്കുന്നത് - പിടിച്ചു കുലുക്കുന്നത്) തന്നെയാണ് ഇവിടെ നടക്കുന്നത്. ഇറക്കുമതി ചെയ്യുന്ന ഇനങ്ങളും, നാടന്‍ അമിട്ടുകളും, പടക്കങ്ങളും, ബാണങ്ങളും ഉപയോഗിച്ച് നടത്തുന്ന മത്സരക്കമ്പം നിരീക്ഷിച്ച് വിധികര്‍ത്താക്കള്‍ വിജയം നിശ്ചയിക്കുകയും വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.


കാണികളായെത്തിയ നൂറിലധകം പേരെ തുടച്ച്നീക്കി, പുറ്റിങ്ങല്‍ ക്ഷേത്രാങ്കണത്തെ കീറിമുറിച്ച്, നൂറ്റിക്കണക്കിനാളുകളുടെ ചെവിക്കല്ലും, കയ്യും, കാലും, പലശരീരഭാഗങ്ങളും തകര്‍ത്ത് വീഴ്ത്തി, കോണ്ക്രീറ്റ് കെട്ടിടങ്ങളെ നിലം പരിശാക്കി, വര്‍ഷത്തെ ഗര്‍വ്വിത മൂര്‍ഖലീല പര്യവസാനിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ വെടിമരുന്ന് ദുരന്ത വാര്‍ത്തയാണ് 10/04/2016 നു് കാലത്ത് ലോകത്തെ സ്വാഗതം ചെയ്തത്. വിവരമുള്ളവരുടെ ഉപദേശങ്ങള്‍ക്കെന്നല്ല അവര്‍ പ്രയോഗിച്ച അധികാര ശക്തിക്കുപോലും വിപത്ത് തടയുവാന്‍ കഴിഞ്ഞില്ല. വര്‍ഷത്തെ മത്സര മരുന്ന്പണി 09/04/2016 ശനിയാഴ്ച രാത്രി ഏകദേശം 11:30 നും 12:00 നുമിടയില്‍ ആരംഭിച്ചു, പിറ്റേദിവസമായ 10/04/2016 ന് കാലത്ത് 03:00 നും 3:30 നു മിടയില്‍ ആകാശം മുട്ടെ തീയുയര്‍ന്ന് അതിഭയാനകമാം വണ്ണമൊരു സ്ഫോടനം നടന്നു. പൂവെടി മത്സരത്തിനായുള്ള ഉരുപ്പടികള്‍ സൂക്ഷിച്ച കമ്പപ്പുരയില്‍ നിന്നായിരുന്നു ഇത് സംഭവിച്ചത്. പൊട്ടിക്കുവാനുള്ള ഇനവുമായി ഒരു കമ്പത്തൊഴിലാളി കമ്പ വേദിക്കരികിലേക്ക് നീങ്ങവെ, പൊട്ടിക്കൊണ്ടിരിക്കുന്ന അമിട്ടില്‍ നിന്നോ മറ്റോ ഒരു തീപ്പൊരി വന്ന് കയ്യില്‍ വീണ് അയാള്‍ തിരിഞ്ഞോടി കമ്പപ്പുരയില്‍ കയറി. അയാളുടെ കയ്യിലിരുന്ന് കത്താന്‍ തുടങ്ങിയ കമ്പ ഉരുപ്പടിയില്‍ നിന്നു് തീപടര്‍ന്നു്, കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന ലക്ഷകണക്കിന് രൂപ വിലവരുന്ന വസ്തുക്കള്‍ ഒരുമിച്ച് പൊട്ടി. ഇപ്രകാരമാണ് ദുരന്തം സംബന്ധിച്ച് മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ട്. ഒരു കല്ലോ മറ്റോ തെറിച്ച്, ഒരു കിലോമീറ്റര്‍ അകലെ സ്കൂട്ടര്‍ യാത്ര ചെയ്യുകയായിരുന്ന ഒരാള്‍ മരിച്ചതായും, സ്ഫോടനത്തിന്റെ ആഘാതം സൂചിപ്പിച്ചുകൊണ്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. അദ്ദേഹം കമ്പം കാണാന്‍ വന്ന് മടങ്ങുന്ന ഒരാളായിരുന്നു. നൂറിലധികം പേര്‍ മരണമടഞ്ഞു, നാനൂറിനടുത്ത് ആളുകള്‍ക്ക് സാരമായി പരിക്കേറ്റു, മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെ തിരുവനന്തപുരത്തും കൊല്ലത്തുമുള്ള പത്തിനടുത്ത് ആശുപത്രികളില്‍ ദുരന്ത ബാധിതരെ പ്രവേശിപ്പിച്ചു. ബന്ധു ജനങ്ങള്‍, തങ്ങളുടെ ബന്ധപ്പെട്ടവരെത്തേടിയും മ‍ൃതശരീരം തിരിച്ചറിയുന്നതിനും ആശുപത്രികള്‍ തോറും കയറി ഇറങ്ങി, ദുരന്തങ്ങളുടെ വ്യാപ്തി, മരണങ്ങള്‍ക്കും, മുറിവുകള്‍ക്കും, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പുനരധിവാസത്തിനും അപ്പുറമാണെന്ന സത്യം ഉറക്കെ വിളിച്ചറിയിക്കുന്ന തരത്തിലായിരുന്നു സംഭവസ്ഥലത്തെ സ്ഥതി വിശേഷങ്ങള്‍.


പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശ്രീ. നവാസ് ഷെരീഫ്, റഷ്യന്‍ പ്രസിഡന്റ് ശ്രീ. വ്ലാദിമിര്‍ പുഷ്ഷിന്‍ തുടങ്ങിയ അയല്‍/ഇതര രാഷ്ട്രത്തലവന്‍മാര്‍ നമ്മളെ ആശ്വാസ സന്ദേശങ്ങള്‍ അറിയിച്ചു. തീപ്പൊള്ളല്‍ ചികിത്സിക്കുന്നതിന് പ്രത്യേകം വൈഗ്ദ്യം നേടിയ ഭിഷഗ്വര സംഘവുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും, കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ജെ. പി. നദ്ദയും സംഭവ സ്ഥലം സന്ദര്‍ശിച്ചു ദുരന്ത ബാധിതരെ സമാശ്വാസിപ്പിച്ചു. സി.പി. (എം) ജനറല്‍ സെക്രട്ടറി ശ്രീ. സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം ശ്രീ. പിണറായി വിജയന്‍ എന്നിവര്‍ ദുരന്തഭൂമിയിലെത്തി മുറിവേറ്റവരെയും, ദുഃഖിതരെയും നേരില്‍ക്കണ്ട് ആശ്വാസം പകര്‍ന്നു, മറ്റ് പ്രമുഖ പാര്‍ട്ടിനേതാക്കളും സംഭവസ്ഥലം സന്ദര്‍ശിച്ചു. സംഭവങ്ങള്‍ വിശകലനം ചെയ്ത് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാവിക്കുവാന്‍ ശ്രീ. സീതാറാം യെച്ചൂരി ആവശ്യപ്പെട്ടുവിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സംഭവ സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ വിദഗ്ദ വൈദ്യസഹായം അയച്ചുകൊണ്ടും, മറ്റും നമുക്ക് സമാശ്വാസമരുളി.


സംസ്ഥാന സര്‍ക്കാര്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് 2 ലക്ഷം രൂപാ വീതം ധനസഹാവും, കുടുംബത്തില്‍ ഒരാള്‍ക്ക് തൊഴിലും പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയുള്‍പ്പെടെ തങ്ങളുടെ ചികിത്സക്കായി ആശുപത്രി തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും, ആയതിന് വരുന്ന ചികിത്സാ ചെലവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രി. ശ്രീ. ഉമ്മന്‍ ചാണ്ടി, ആരോഗ്യ കുടുംബക്ഷമവും ദേവസ്വവും വകുപ്പ് മന്ത്രി ശ്രീ. വി. എസ്. ശിവകുമാര്‍ തുടങ്ങിയ മന്ത്രിമാരും, ചീഫ് സെക്രട്ടറി ശ്രീ. പി. കെ. മൊഹന്തി (റിട്ട.) അടങ്ങുന്ന ഉന്നത ഉദ്ദോഗസ്ഥരും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നിര്‍ദ്ദേശങ്ങള്‍ നല്‍കി. സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ റിട്ടയേര്‍ഡ് ജസ്റ്റീസ്. എന്‍. കൃഷ്ണന്‍ നായരെ നിയമിച്ചുകൊണ്ട് ഉത്തരവിട്ടു.
 
ലേകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ണ്ണാഭമായ കരിമരുന്ന് പ്രയോഗം നടക്കാറുണ്ട്ദേശീയദിനങ്ങള്‍, ക്രിസ്തുമസ്, നവവത്സരദിനം തുടങ്ങിയ വിശേഷദിവസങ്ങളിലാണ് ഇത് നടക്കുന്നത്ലണ്ടന്‍, സിങ്കപ്പൂര്‍, ഹോങ്കോങ്, ദുബൈ, ആസ്ട്രേലിയ, വാഷിംങ്ടണ്‍ ഡി സി തുടങ്ങിയ നഗരങ്ങളില്‍ നടക്കുന്ന മരുന്ന്പണികള്‍ സുപ്രസിദ്ധമാണ്ഇതിനെ വെടിക്കെട്ടെന്നോ, കമ്പം എന്നോ, കരിമരുന്ന്പ്രയോഗമെന്നോ മറ്റോ പറയുവാന്‍ കഴിയില്ല; അവരുടെ ഭാഷയില്‍ ഫയര്‍ വര്‍ക്ക് ഡിസ് പ്ലേ എന്നേ  വിശേഷിപ്പിക്കുവാന്‍ കഴിയൂമലബാറിലെ 'പൂവെടി' എന്ന വിശേഷണം ഏകദേശം ഇതിന് ചേരുന്നതാണ്. ഇവിടങ്ങളിലൊന്നും ഇത്തരം അപകടങ്ങള്‍ നടന്നതായി അറിവില്ല.  
 
ഇന്ത്യയിലെ ക്ഷേത്രോത്സവങ്ങള്‍ക്കും, ആഘോഷങ്ങള്‍ക്കും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ പ്രധാന ഇനമാണ് കരിമരുന്ന് പ്രയോഗംതൃശൂര്‍ പൂരത്തിന്റെ സാമ്പള്‍ വെടിക്കെട്ടും, വെടിക്കെട്ടും, വളരെയേറെ പുകഴ്പെറ്റതാണ്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പൂരവും മരുന്ന്പണിയും കാണുന്നതിനായി ആയിരക്കണക്കിന് ആളുകള്‍ എല്ലാ വര്‍ഷവും ത‍ൃശൂര്‍ നഗരത്തില്‍ എത്തുന്നു. നമ്മുടെ നാട്ടിലെ എല്ലാ വിശ്വാസവിഭാഗങ്ങളില്‍പ്പെട്ടവരും തങ്ങളുടെ ആഘോഷങ്ങളെ വര്‍ണ്ണശബളമാക്കുവാന്‍ കരിമരുന്ന് പ്രയോഗം ഒരുക്കുക പതിവാണ്.

വിഷു, ദീപാവലി തുടങ്ങിയ ആഘോഷ വേളകളില്‍  300 - 400  രൂപയ്ക്ക് പടക്കങ്ങളും, പൂത്തിരികളും, നിലചക്രങ്ങളും മറ്റും വാങ്ങി നാം വീടുകളില്‍ ആഘോഷിക്കുന്നതു് പോലെയല്ല (ഉള്ളവനായാലും, ഇല്ലാത്തവനായലും ഇനത്തിന് വേണ്ടി ഇത്രയും തുക ചെലവിട്ടാല്‍മതിയെന്ന ചെറിയൊരഭ്യര്‍ത്ഥനയുണ്ട്, ഈ ഇനങ്ങളുടെ അളവ് കുറയുന്നതിനനുസരിച്ച് അപകടവും കുറഞ്ഞിരിക്കും),  പരിപാടികള്‍ക്ക് വേണ്ടി ലക്ഷങ്ങളാണ് ആഘോഷക്കമ്മിറ്റികള്‍ ചെലവിടുന്നത്.   

നമ്മുടെ നാട്ടിലെ നിയമങ്ങളനുസരിച്ച് (Explosive Rules -2008) കരിമരുന്നും അത് ഉപയോഗിച്ചുണ്ടാക്കുന്ന സ്ഫോടക വസ്തുക്കളും നിയന്ത്രിത ഇനമാണ് (Restricted Item).  ഗന്ധകം (Sulfur - S) ചേര്‍ന്ന കമ്പ ഉരുപ്പടികളും, സ്ഫോടക വസ്തുക്കളും പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളവയാണ്നിറവും ശബ്ദവും കൂട്ടുന്നതിനായി വെടിക്കെട്ടുകളില്‍ പൊട്ടാസ്യം പെര്‍ ക്ലോറൈറ്റ് (Potassium per Chlorate -KCLO4) എന്ന രാസവസ്തു ഉപയോഗിക്കാറുണ്ട് ഇതും നിഷിദ്ധ ഇനമാണ്ഉപയോഗത്തില്‍ പറ്റുന്ന ചെറിയ പിഴവുകള്‍ പോലും, കമ്പപരിപാടിയുടെ രൂപവും, ഭാവവും മാറ്റാന്‍ പര്യാപ്തമാണ്.  
 
ചൈനയില്‍ നിന്നും മറ്റും കരിമരുന്ന് പരിപാടിക്കുള്ള ഇനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് 2008 ലെ സ്ഫോടകവസ്തു ചട്ടങ്ങളനുസരിച്ച് പെട്രോളിയം ആന്റ് എക്സ പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റ (Petroleum and Explosive Safety Organization PESO) അനുവാദവും, ലൈസന്‍സും ആവശ്യമാണ്പുറ്റിങ്ങല്‍ ക്ഷേത്രാങ്കണത്തില്‍ വിനാശം വിതച്ചത് എന്തൊക്കെയാണെന്നു് കണ്ടെത്തുന്നതിനും, ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനുള്ള വഴിവെളിച്ചം നല്‍കുന്നതിനും ജൂഡീഷ്യല്‍ അന്വേഷണത്തിനു് കഴിയട്ടെ. ജൂഡീഷ്യല്‍ അന്വേഷണം മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ നമ്മുടെ പുതിയ സര്‍ക്കാരിനും കഴിയട്ടെഅതിനുള്ള സഹകരണവും, പിന്തുണയും നല്‍കുന്നതിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.







No comments:

Post a Comment