Saturday 14 November 2020

ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ (ഭാഗം -1) ശാന്തിദൂതന്റെ പരാജയം

     ഭഗവാന്‍ ശ്രീകൃഷ്ണന്‍ സമാധാനപ്രിയനായിരുന്നു, എന്നും, എപ്പോഴും,- പുല്ലാങ്കുഴല്‍ വായനക്കാരനായ ശ്രീകൃഷ്ണന്‍ അവശ്യ ഘട്ടങ്ങളില്‍ ആയുധമേന്തി യുദ്ധക്കളത്തിലിറങ്ങിയിരുന്നുവെങ്കിലും തികഞ്ഞ യുദ്ധവിരോധിയായിരുന്നു. ജരാസന്ധന്‍ ശ്രീകൃഷ്ണന്റെ രാജ്യമായ മഥുരയ്ക്ക് നേരെ നിരന്തരം ആക്രമണമഴിച്ചുവിട്ടുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം ദ്വാരക സൃഷ്ടിച്ചു.  ജരാസന്ധനോട് എതിരിടാനുള്ള ധനക്കരുത്തും, മനക്കരുത്തും, കൈക്കരുത്തും ഇല്ലാഞ്ഞിട്ടായിരുന്നിട്ടല്ല, തന്റെ രാജ്യത്തെ അനാഥത്വത്തില്‍നിന്നും, ദാരിദ്ര്യത്തില്‍നിന്നും, കണ്ണുനീരില്‍നിന്നും അകറ്റിനിര്‍ത്താന്‍വേണ്ടിയായിരുന്നു ഈ പുതിയ രാജ്യത്തിന്റെ സ്ഥാപനം,- അഥവ വിജയം സുനിശ്ചിതമായിരുന്ന യുദ്ധങ്ങളുടെയും, തന്റെ ജനതയ്ക്ക് വന്നുപെട്ടേയ്ക്കാവുന്ന ദുരിതങ്ങളുടെയും ചിത്രങ്ങള്‍ ഒരുമിച്ച് മനസില്‍ വന്നപ്പോള്‍ അദ്ദേഹത്തിന് സ്വീകാര്യമായി തോന്നിയത് സമാധാനമായിരുന്നു.  സമാധാനത്തിന്റെ ഈ തിരഞ്ഞെടുപ്പിലൂടെ 'യുദ്ധക്കളം വിട്ടോടിയ മഹാരാജാവ്' എന്ന അപമാനത്തിന്റെ ഉത്തരീയമണിഞ്ഞ നിസ്തുലനായ ശ്രീക‍ൃഷ്ണന്‍ (തുലാവാ ഉപമാ കൃഷ്ണസ്യ നാസ്തിഃ) യുദ്ധക്കൊതിയനും, സാമ്രാജ്യമോഹിയുമായിരുന്ന ജരാസന്ധനെ സമര്‍ത്ഥമായി ഉന്‍മൂലനം ചെയ്തു.

  വിരാട രാജകൊട്ടാരത്തില്‍ പാണ്ഡവരുടെ അഞ്ജാതവാസം അവസാനിച്ച വേളയില്‍, പാണ്ഡവരുടെ ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്ത സദസില്‍ അര്‍ജുന ശിഷ്യനായ മഹാരഥന്‍ സാത്യകി (യുയുധാനന്‍), ക്ഷത്രിയരുടെ കളം ചതുരംഗപലകയല്ല യുദ്ധക്കളമാണെന്നും, ആയുധം പകിടയല്ല അസ്ത്രശസ്ത്രങ്ങളാണെന്നും പ്രഖ്യാപിച്ചു.  പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് സംസാരിച്ച ആ പര്യാലോചനയുടെ അവസാനം, ദ്രൗപദിയുടെയും, ഭീമന്റെയും ശപഥങ്ങള്‍പോലും തൃണവല്‍ഗണിച്ചുകൊണ്ട് ശ്രീകൃഷ്ണന്‍ "നിരപരാധികളായ മനുഷ്യര്‍ക്ക് കഷ്ടനഷ്ടങ്ങള്‍ സംഭവിക്കരുതെന്നും, ഗുരുജനങ്ങളും, സഹോദരങ്ങളും, ബന്ധുക്കളും, മിത്രങ്ങളും, പരസ്പരം വെട്ടി മരിക്കേണ്ടതില്ലെന്നും, സമാധാനമാണ് വഴി"യെന്നും വ്യക്തമാക്കി ക്ഷാത്രവീര്യത്തെ നിരാകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഭാവിയുടെ വിധാനം കണക്ക്കൂട്ടിക്കണ്ട ശ്രീകൃഷ്ണന്‍ യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാതെ അതിനുള്ള തയ്യാറെടുപ്പും ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

    കൗരവരും, പാണ്ഡവരും തമ്മിലുള്ള സ്പര്‍ദ്ദ (Sibling rivalry) കുട്ടിക്കാലം മുതല്‍ക്കേ തുടങ്ങിയതാണ്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ അത് വിവിധരൂപങ്ങള്‍ കൈക്കൊണ്ടുവെന്ന് മാത്രം.  ഒരിക്കല്‍ ദുര്യോധനനും, ദുശ്ശാസനനും ഭീമന് വിഷം നല്‍കി ഗംഗാനദിയില്‍ ഒഴുക്കിയിട്ടുണ്ട്, മറ്റൊരിക്കല്‍ ഈ അഞ്ച് സഹോദരരെയും, അവരുടെ അമ്മ കുന്തിയെയും അരക്കുകൊണ്ട് തീര്‍ത്ത കൊട്ടാരത്തിലിട്ട് (അരക്കില്ലം) ചുട്ട് ചാമ്പലാക്കുവാന്‍ ദുര്യോധനാദികള്‍ ശ്രമിച്ചിട്ടുണ്ട്, ഈ ആപത്തുകളില്‍നിന്നെല്ലാം ഭാഗ്യം കൊണ്ട് മാത്രമാണ് അവര്‍  രക്ഷപ്പെട്ടത്.  പക്ഷേ ധര്‍മ്മബുദ്ധിയായ യുധിഷ്ഠിരന്‍ തികഞ്ഞ പക്വമതിയായിരുന്നു, ഒരിയ്ക്കല്‍ ദുര്യോധനനും, അനുജന്‍മാര്‍ക്കും ആപത്ത് പിണഞ്ഞപ്പോള്‍ "വയം പഞ്ചാധികം ശതം (നൂറിനോടൊപ്പം ഞങ്ങള്‍ അഞ്ചുംകൂടിയുണ്ട്)" എന്ന് പറഞ്ഞ് അവരുടെ രക്ഷയ്ക്കെത്തിയ സ്നേഹശീലനും, നീതിമാനുമാണ്.  ധൃതരാഷ്ട്രര്‍ തന്റെ അനുജന്റെ മക്കള്‍ക്ക്  രാജ്യമെന്ന പേരില്‍ യമുനാനദിക്കരയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു വനപ്രദേശം നല്‍കിയപ്പോള്‍, സസന്തോഷം, അത് സ്വീകരിച്ച് ശ്രീകൃഷ്ണന്റെ സഹായത്താല്‍ (എന്നും എപ്പോഴും പാണ്ഡവര്‍ക്കുണ്ടായിരുന്ന ഏക തുണ) അവിടെ ഖാണ്ഡവപ്രസ്ഥമെന്ന രാജ്യം സ്ഥാപിച്ചവരാണ് യുധിഷ്ഠിരനും, അനുജന്‍മാരും.

   രാജസൂയ വേളയില്‍ മനോഹരമായ ഇന്ദ്രപ്രസ്ഥവും, മയനിര്‍മ്മിതമായ രാജകൊട്ടാരവും അതിഗംഭീരമായ ചടങ്ങുകളും, ആഘോഷങ്ങളും പാണ്ഡവരോടുള്ള  ദുര്യോധനന്റെ പക വീണ്ടും ഇരട്ടിപ്പിച്ചു.  ഈ പരിപാടികളില്‍ പങ്കെടുത്ത വിവിധ രാജാക്കന്‍മാരുടെ സാന്നിധ്യവും, ശ്രീകൃഷ്ണന് അര്‍ഘ്യം നല്‍കിയതും അയാളില്‍ ആശങ്കയുളവാക്കി. ഇതിനിടയിലാണ് ശിശുപാലവധവും നടന്നത്.  ഈ സംഭവ വികാസങ്ങളെല്ലാം ദുര്യോധനനെ, പ്രയത്നശാലികളായ പാണ്ഡവര്‍, ശ്രീകൃഷ്ണന്റെ സഹായത്താല്‍ ഉണ്ടാക്കിയെടുത്ത രാജകീയ സൗഭാഗ്യങ്ങള്‍ തട്ടിയെടുത്ത് കൈക്കലാക്കുവാനുള്ള ഉപജാപത്തിലേക്ക് നയിച്ചു. ഗാന്ധാര രാജാവും, ദുര്യോധനന്റെ മാതൃസഹോദരനുമായ ശകുനിയായിരുന്നു ആ ഗൂഢാലോചനകളുടെ പ്രഭവകേന്ദ്രവും, കേന്ദ്രബിന്ദുവും.

  ചൂതു്കളി യുധിഷ്ഠിരന്റെ ദൗര്‍ബല്യമായിരുന്നു, ശകുനി മികച്ചൊരു ചൂതുകളിക്കാരനുമായിരുന്നു. പുത്രവാത്സല്ല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രര്‍, തന്റെ മകന്റെ വാശിക്ക് വഴങ്ങി രാജസദസില്‍ മത്സരചൂതിന് അനുമതി നല്‍കി. പ്രഗത്ഭരാജാക്കന്‍മാരാലും, കുരുശ്രേഷ്ടന്‍മാരുലും സമ്പുഷ്ടമായ ഹസ്തിനപുരിയിലെ കൗരവസഭയില്‍, കള്ളച്ചൂതുകളിയിലും വിദഗ്ദനായ ശകുനി ദുര്യോധനന് വേണ്ടി പകിടയെടുത്തു.  ക്ഷണനേരം കൊണ്ട്തന്നെ, സ്വന്തം സാമ്രജ്യത്തെയും, സഹോദരരെയും, തന്നെത്തന്നെയും പന്തയം വച്ച് ചൂതുകളി മത്സരത്തിലേര്‍പ്പെട്ട യുധിഷ്ഠിരന്‍ പരാജയപ്പെട്ടു് കേവലം ഒരു ദാസനായി മാറി.  ചൂതിന്റെയും, പന്തയത്തിന്റെയും ലഹരികൊണ്ട് സ്വബോധം നഷ്ടപ്പെട്ട യുധിഷ്ഠിരന്‍, വീണ്ടും സ്വന്തം ഭാര്യയെ പന്തയം വച്ച്  അന്തിമമായി തോറ്റു.

    തുടര്‍ന്ന്  ഹസ്തിനപുരിയുടെ ഭാഗധേയത്തിന്റെ നിര്‍ണ്ണയമായിരുന്നു ആ സദസില്‍ നടന്നത്.  യുധിഷ്ഠിരന്റെ ചുത്കളി ഭ്രാന്തിന്റെ ആഴമറിയാവുന്നവരെ ആദ്യമേതന്നെ പന്തയചൂത് ആശങ്കയിലാഴ്ത്തിയിരുന്നു.  ധൃതരാഷ്ട്രരുടെ മഹാമന്ത്രിയായ വിദുരര്‍ ഈ ചൂത് കളിയെ എതിര്‍ക്കുകയും, വ്യക്തമായിത്തന്നെ അത് വേണ്ടെന്ന് പറയുകയും, അനുസരിക്കാത്ത പക്ഷം ദുര്യോധനനെ പിടിച്ചുകെട്ടണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.  കുരുശ്രഷ്ടന്‍മാര്‍ രാജകല്പന നടപ്പിലാക്കുവാന്‍ ബാധ്യസ്ഥരായിരുന്നു, അണപൊട്ടിയൊഴുകിയ അമര്‍ഷം ഉള്ളിലടക്കിയാണ് അവര്‍ ആ സഭയിലിരുന്നത്, കളികള്‍ കൈവിട്ടു പോവുകയായിരുന്നു.

    ദ്രൗപദിയെ സഭയിലേക്ക് കൊണ്ടുവരാന്‍ ദുര്യോധനന്‍ ആജ്ഞ നല്‍കി, ഏകവസ്ത്രയായ ദ്രൗപദിയെ ദുശ്ശാസനന്‍ തറയിലൂടെ വലിച്ച് സഭയിലെത്തിച്ചു.   തുടര്‍ന്ന് ദുര്യോധനശിങ്കിടികളുടെ അധിക്ഷേപ വര്‍ഷമായിരുന്നു, സഭയില്‍നിന്ന് ഒരാളെക്കൂടി വീണ്ടും ഭര്‍ത്താവായി സ്വീകരിക്കാമെന്നായിരുന്നു കര്‍ണ്ണന്റെ ഭര്‍സനം.  ദ്രൗപദിയെ അവിടെയുണ്ടായിരുന്ന പലരും,  പലതും വിളിച്ചുപറഞ്ഞധിക്ഷേപിച്ചു.  സ്വന്തം തുട കാണിച്ചുകൊണ്ട് ദുര്യോധനന്‍ ദ്രൗപദിയോട് അവിടെയിരിക്കുവാന്‍ ആവശ്യപ്പെട്ടു.  തുടര്‍ന്ന് നിറഞ്ഞ സഭയില്‍ (ഭര് സഭ) ദ്രൗപദിയെ വിവസ്ത്രയാക്കുന്നതിനായി ദുര്യോധനന്‍ ആജ്ഞ നല്‍‍കി.  ശ്രീകൃഷ്ണനെ ഭക്തിയോടെ നോക്കിക്കണ്ടിരുന്ന, അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥ മിത്രമായിരുന്ന ദ്രൗപദി, വേവലാതിയില്‍ 'കൃഷ്ണാ' എന്നു വിളിച്ചു, രാജസൂയ വേളയില്‍ നടന്ന ശിശുപാലന്റെ ദാരുണമായ അന്ത്യം ഓര്‍മ്മവന്നിട്ടാകാം, തന്റെ ജ്യേഷ്ടന്‍ നല്‍കിയ ആജ്ഞ നടപ്പിലാക്കുവാന്‍ ദുശാസനന്‍ മുതിര്‍ന്നുവെങ്കിലും അശക്തനായിത്തീര്‍ന്നു.  പന്തയത്തില്‍ തോറ്റ് അടിമകളായി തീര്‍ന്നിരുന്ന ഭര്‍ത്താക്കന്‍മാരുടെ കൈകള്‍ ആ അത്യാചാരങ്ങള്‍ക്ക് മറുപടിനല്‍കുവാന്‍ അശക്തമായിരുന്നുവെങ്കിലും, അപമാനഭാരം താങ്ങാനാവാതെ, ദുശ്ശാസനന്റെ മാറ് പിളര്‍ന്ന് രക്തം കുടിക്കുമെന്നും, ദുര്യോധനന്റെ തുട ഗദകൊണ്ട് അടിച്ചുതകര്‍ക്കുമെന്നും ആ സഭയില്‍ വച്ച് ഭീമന്‍ ശപഥം ചെയ്തൂ.

     ദുര്യോധനാദികളുടെ കാറ്റ് വിത കഴിഞ്ഞപ്പോള്‍ ദ്രൗപദി ധൃതരാഷ്ട്രരോട് ഒരു ചോദ്യം ചോദിച്ചു.  "തന്നെത്തന്നെ സ്വയം പന്തയം വച്ച്  തോറ്റ് ദാസനായി തീര്‍ന്ന ഒരാള്‍ക്ക് മറ്റൊരാളെ പന്തയം വയ്ക്കാന്‍ സാധിക്കുമോ?" എന്നതായിരുന്നു ആ ചോദ്യം; ഉത്തരം മുട്ടിയ രാജാവ് തന്റെ മകന്റെ ചെയ്തികളെ കുറിച്ച് വിലപിച്ചുകൊണ്ട് രണ്ട് വരങ്ങള്‍ ചോദിക്കുവാന്‍ ആവശ്യപ്പെട്ടു.  ദ്രൗപദി അവസരത്തിനൊത്ത് ഉയര്‍ന്നു, തന്റെ ഭര്‍ത്താക്കന്മാരുടെ ദാസ്യത്തില്‍നിന്നുള്ള മോചനത്തിനും, ഖാണ്ഡവപ്രസ്ഥം തിരികെ നല്‍കുന്നതിനും ദ്രൗപദി ആവശ്യപ്പെട്ടു, ധൃതരാഷ്ട്രര്‍ ദ്രൗപദിയ്ക്ക്  വരങ്ങള്‍ നല്‍കി.

     ദുര്യോധനന്‍ വിട്ടില്ല അയാള്‍ വീണ്ടും യുധിഷ്ഠിരനെ പന്തയച്ചൂതിന് വിളിച്ചു, കളിയില്‍ തോല്‍ക്കുന്നവര്‍ പതിമൂന്ന് വര്‍ഷം വനവാസവും ഒരുവര്‍ഷം അജ്ഞാതവാസവും ചെയ്യുക എന്നതായിരുന്നു പന്തയം; അജ്ഞാതവാസ വേളയില്‍ കണ്ടുപിടിക്കപ്പെടുന്ന പക്ഷം അതേ വനഅജ്ഞാതവാസങ്ങള്‍ ആവര്‍ത്തിക്കുക എന്നൊരു വ്യവസ്ഥയും പന്തയത്തിനുണ്ടായിരുന്നു.  യുധിഷ്ഠിരന്‍ വീണ്ടും ശകുനിയോട് പരാജയപ്പെട്ടു, ഒന്നാംതരം ചൂതുകളിക്കാരനായ യുധിഷ്ഠിരനെ കടുത്തവ്യവസ്ഥകള്‍ വച്ച് പന്തയച്ചൂതിന് വിളിച്ച് നിഷ്പ്രയാസം പരാജയപ്പെടുത്തിയത് ശകുനിയുടെ കള്ളച്ചൂതുകളിയിലുള്ള വൈദഗ്ദ്യം കൊണ്ടാണെന്ന വസ്തുത സാമാന്യബുദ്ധികൊണ്ട് മനസിലാക്കാവുന്നതാണ്.    

     പാണ്ഡവര്‍ തങ്ങളുടെ പതിമൂന്ന് വര്‍ഷത്തെ വനവാസവും ഒരുവര്‍ഷത്തെ അജ്ഞാതവാസവും വിജയകരമായി പൂര്‍ത്തിയക്കി.   പ്രസ്തുത വിവരമറിയിക്കുവാന്‍ മധ്യസ്ഥനായി ഹസ്തിനപുരിയിലെത്തിയ പാഞ്ചാല രാജ്യത്തെ രാജപുരോഹിതനോട്, വനഅജ്ഞാതവാസങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിവന്നാല്‍ പാണ്ഡവര്‍ക്ക് അവരുടെ രാജ്യം തിരികെ നല്‍കാമെന്ന വ്യവസ്ഥ പന്തയച്ചൂതിലുണ്ടായിരുന്നില്ലെന്നായരുന്നു ദുര്യോധനന്റെ മറുപടി.  എന്നാല്‍ ധൃതരാഷ്ട്രര്‍ ദ്രൗപദിയ്ക്ക് നല്‍കിയ തന്റെ വരങ്ങളിലൂടെ പാണ്ഡവരെ ദാസ്യത്തില്‍നിന്ന് മുക്തരാക്കുകയും, ഖാണ്ഡവപ്രസ്ഥം അവര്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു.

     അനന്തരം ഹസ്തിനപുരിയുടെ പ്രതിനിധിയായി വിരാട രജധാനിയില്‍ ദൂതിന് വന്ന സഞ്ജയന്‍, പാണ്ഡവര്‍ക്ക് അവരുടെ രാജ്യം തിരികെ നല്‍കുന്നതിനെ കുറിച്ച് ഒന്നും മിണ്ടാതെ, 'ബന്ധുമിത്രദികളെയും, സഹോദരങ്ങളെയും, ഗുരുക്കന്മാരെയും വധിച്ച് നേടുന്ന രാജ്യം കൊണ്ടെന്ത് പ്രയോജനം' എന്ന മട്ടിലുള്ള കുതന്ത്ര ധര്‍മ്മതത്ത്വങ്ങളാല്‍ യുധിഷ്ഠിരനെ അനുനയിപ്പിക്കുവാന്‍ ശ്രിമിച്ചു.  പൈതൃകമായി ലഭിച്ചതും അധ്വാനംകൊണ്ട് കെട്ടിപ്പടുത്തതുമായ ഞങ്ങളുടെ രാജ്യം തിരികെ ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്കത് തിരിച്ചുപിടിക്കേണ്ടിവരുമെന്നായിരുന്നു കൗരവര്‍ക്കുള്ള യുധിഷ്ഠിരന്റെ സന്ദേശം.

     പാണ്ഡവരുടെ ദൂതുമായി ഹസ്തിനപുരിയിലേക്ക് പോകുന്നതിന് ശ്രീകൃഷണന്‍ നിയുക്തനായി.  നിരപരാധികളായ മനുഷ്യരെ ദൈന്യതയിലേക്ക് തള്ളിവിടുന്ന യുദ്ധം ഒഴിവാക്കുന്നതിനുള്ള ശാന്തിദൂതുമായാണ് ശ്രീകൃഷ്ണന്‍  കൗരവ സഭയിലെത്തിയത്.  ഹസ്തിനപുരി അദ്ദേഹത്തിന് സമുചിതമായ വരവേല്‍പ്പ് നല്‍കി. താന്‍ ഹസ്തിനപുരിയുടെ അതിഥിയാണെങ്കിലും പാണ്ഡവ പക്ഷത്താണെന്നും, ധര്‍മ്മം അവിടെയാണുള്ളതെന്നും, എന്നാല്‍ ശാന്തി കാംക്ഷിക്കുന്നതിനാല്‍ ശാന്തിദുതനായണ് ഇവിടെയെത്തിയതെന്നും, യുദ്ധമൊഴിവാക്കുവാനുള്ള ഈ ശാന്തിദൂത് സ്വീകരിക്കാത്തിടത്തോളം, ഹസ്തിനപുരി തന്റെ മിത്രമല്ലെന്നും, അദ്ദേഹം വ്യക്തമായി പറഞ്ഞു.  ഈ സാഹചര്യത്തില്‍ ഹസ്തിനപുരി നല്‍കുന്ന താമസവും, ഭോജനവും തനിക്ക് സ്വീകരിക്കാവുന്നതല്ലെന്നും, ഇവയൊക്കെ വിദുര ഗൃഹത്തിലായിരിക്കുമെന്നുകൂടി അദ്ദേഹം വ്യക്തമാക്കി.

     ദൂതിന് പോകുംമുമ്പ് ശ്രീകൃഷണന്‍ ദ്രൗപദിയെ കണ്ടിരുന്നു, ശാന്തിദൂതിനാണ് തന്റെ മിത്രം ഹസ്തിനപുരിയിലേക്ക് പോകുന്നതെന്നറിഞ്ഞ ദ്രൗപദി, പരിഭവ വചനങ്ങളാല്‍ അദ്ദേഹത്തെ വിവശനാക്കി.  ഒരു സ്ത്രീയെന്ന നിലയിലും, ഖാണ്ഡവപ്രസ്ഥം പന്തയത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും, ഹസ്തിനപുരി രാജാവിന്റെ കനിഷ്ട സഹോദരപുത്രവധുവെന്നനിലയിലും, മഹാരഥനായ ദ്രുപദപുത്രിയെന്ന നിലയിലും, ക്ഷത്രിയ മഹാവീരനായ ധൃഷ്ടദ്യുമ്നന്റെ സഹോദരിയെന്ന നിലയിലും തനിക്കേറ്റ അപമാനം ശാന്തിയിലൂടെ എങ്ങനെ പരിഹരിക്കാനാകുമെന്ന് ദ്രൗപദി ശ്രീകൃഷ്ണനോട് ചോദിച്ചു.  തന്നോട് തുടയിലിരിക്കുവാന്‍  ആവശ്യപ്പെട്ട ദുര്യോധനന്റെ കാര്യവും, തന്നെ കുരുസഭയിലേക്ക് വലിച്ചിഴച്ച ദുശ്ശാസനന്റെ കാര്യവും, തനിക്ക് നേരെ പലവിധ അധിക്ഷേപ വര്‍ഷങ്ങള്‍ നടത്തിയ ആളുകളെക്കുറിച്ചും ദ്രൗപദി ശ്രീകൃഷ്ണനോട് ചോദിച്ചു.  ദുശ്ശാസന രുധിരം തേച്ചുകൊണ്ടേ അഴിച്ചിട്ട തന്റെ തലമുടി കെട്ടുകയുള്ളുവെന്ന് ശപഥം ചയ്തിരുന്ന കാര്യവും ശ്രീകൃഷ്ണനെ ഒര്‍മ്മിപ്പിച്ചുകൊണ്ട് ദ്രൗപദി  വിലപിച്ചു. ക്ഷത്രിയസ്ത്രീയായ ദ്രൗപദി നടത്തിയ വിലാപത്തിന്റെ കാമ്പുള്‍ക്കൊള്ളുവാന്‍ ശ്രീകൃഷ്ണന് കഴിഞ്ഞുവെങ്കിലും, പ്രതികാര നിര്‍വ്വഹണത്തിനും, പ്രതിജ്ഞാപലനത്തിനുമുള്ള വാക്കുകളൊന്നും നല്‍കാതെ, നല്ലവാക്കുകളാല്‍ തന്റെ മിത്രത്തെ സാന്ത്വനിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്.

    യുദ്ധത്തിന്റെ ഭീകരതയെ കുറിച്ചും, അത് അവശേഷിപ്പിക്കുന്ന വേദനകളുടെയും, വ്യഥകളുടെയും വ്യാപ്തിയെക്കുറിച്ചും, സ്നേഹവും, സമാധാനവും പ്രദാനം ചെയ്യുന്ന സന്തോഷങ്ങളെയും, ക്ഷേമൈശ്വര്യങ്ങളെയും കുറിച്ചും പ്രഗത്ഭമതികളും, ദുര്യോധനനും, അനുചരരും, കൂട്ടുകാരും സന്നിഹിതരായ സഭയില്‍ അദ്ദേഹം യുക്തിയുക്തം സംസാരിച്ചു.  യുദ്ധത്തിന്റെ വഴി അവസാനിക്കുന്നത് ചുടലപ്പറമ്പിലും, ശാന്തിയുടെ മാര്‍ഗ്ഗം സമൃദ്ധിയിലേക്കും, ഐശ്വര്യത്തിലേക്കും, സന്തോഷത്തിലേക്കും, സ്നേഹത്തിലേക്കും, സമാധാനത്തിലേക്കുമുള്ളതാണെന്നും ആ സദസിനെ ബോധ്യപ്പെടുത്തുവാന്‍ അദ്ദേഹം ശ്രമിച്ചു.  പക്ഷേ അവയൊക്കെ വെളിയിലപ്പുറത്ത് വീണ വെള്ളം പോലെയായി.  ഒടുവില്‍ പാണ്ഡവര്‍ക്കായി അഞ്ച് ഗ്രാമങ്ങള്‍ (സുവര്‍ണ്ണ പ്രസ്ഥം, പത്മപ്രസ്ഥം, വ്യാഘ്രപ്രസ്ഥം, ഇന്ദ്രപ്രസ്ഥം, തിലപ്രസ്ഥം എന്നീ ഗ്രാമങ്ങള്‍) നല്‍കി യുദ്ധമൊഴിവാക്കുവാന്‍ അദ്ദേഹം  കൗരവരോട് കെഞ്ചി, അതും  ജലരേഖയായി.  കൂടെ, യുദ്ധക്കൊതിയനായ ദുര്യോധനന്‍, താനൊരു യുവരാജാവാണെന്നും, ഇതുവരെ യുദ്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നുമുള്ള ഒരു പ്രസ്ഥാവനയും നടത്തി.  ഭഗവദ് വചനങ്ങളെ പിന്തുണച്ച് സഭയിലുണ്ടായിരുന്ന നീതിനിപുണരായ കുരുശ്രേഷ്ടന്‍മാര്‍ പറഞ്ഞ വാക്കുകളും കേവലം ഭേകരവങ്ങളായി.

     അധര്‍മ്മിയായ ദുര്യോധനന്‍ ദുതുമായിവന്ന ശ്രികൃഷ്ണനെ ബന്ധനസ്ഥനാക്കുവാന്‍ അജ്ഞാപിച്ചു, പക്ഷേ ശ്രീകൃഷ്ണന്റെ പ്രഭാവത്തിന് മുന്നില്‍ ആ ആജ്ഞ നിഷ്പ്രഭമായിപ്പോയിപോയി.  കുരുക്ഷേത്ര രണഭൂമിയില്‍ പതിതചിത്തനായ അര്‍ജ്ജുനനെക്കൊണ്ട് ഗാണ്ഡീവമെടുപ്പിച്ച അതേ പ്രഭാവം ധൃതരാഷ്ട്രസഭയില്‍ കാണിച്ചത് ഒരു യുദ്ധം ഒഴിവാക്കുവാന്‍ കൂടിയായിരുന്നുവെന്ന് വ്യാഖ്യാനിക്കാവുന്നതാണ്.  പക്ഷേ ദുര്യോധനന്റെ ബുദ്ധി സഞ്ചരിച്ചത് അയാളുടെ വിധിയ്ക്ക് പിറകെയായിരുന്നു.

    ആ ശാന്തിദൂതിന്റെ പരാജയം, കുരുക്ഷേത്രഭൂമിയില്‍ നടന്നത്, യുദ്ധക്കൊതിയനായ ദുര്യോധനനും, അദ്ദേഹത്തിന് നിര്‍ലോഭ പ്രോത്സാഹനങ്ങള്‍ നല്‍കിയ അനുചരരും വിതച്ച വ്യാളീദന്തങ്ങളുടെ വിളവെടുപ്പായിരുന്നുവെന്ന വസ്തുത വ്യക്തമാക്കുന്നതാണ്.  യുദ്ധം ഒരു പന്തയമല്ല പ്രത്യുത കൈപ്പേറിയ നിണ്ണയമാണ്, ഒരു പ്രശ്നത്തിന്റെ ഗതികെട്ട പരിഹാര മാര്‍ഗ്ഗമാണ്, അതിലേര്‍പ്പെടുന്ന പക്ഷങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, എതിര്‍ പക്ഷത്തെ കൊലചെയ്ത് നേടിയെടുക്കുവാനുള്ള സായുധ പോരാട്ടമാണ്.  അത് ഉണ്ടാക്കുന്നത് വിപത്തുകള്‍ മാത്രമാണ്,  യുദ്ധം അതിന്റെ വിജയിക്കും സുഖദവും, സന്തോഷപ്രദവുമല്ല.  അതിന്റെ വിജയം നിശ്ചയിക്കുന്നത് ഏറ്റവും വിലകൂടിയ കബന്ധം വീഴ്ത്തുവാനുള്ള മിടുക്കാണ്; അതിന്റെ ശേഷിപ്പ് കബന്ധങ്ങളുടെ കൂനകളും, കുറ്റപ്പെടുത്തലുകളും, ദാരിദ്ര്യവും, അനാഥത്വവും, യാതനകളും, കണ്ണുനീരും, ദൈന്യതയും മാത്രമാണ്. 

     ഇടയനും, പുല്ലാങ്കുഴല്‍ വായനക്കാരനും, രാജാവുമായ ശ്രീകൃഷ്ണന്‍ യുദ്ധമെന്ന മഹവിപത്തിനെ തടയുവാന്‍ പഠിച്ച വിദ്യകള്‍ പതിനെട്ടും, തന്ത്രങ്ങള്‍ അറുപത്തിനാലും പയറ്റിനോക്കി, - പക്ഷേ ദുര്യോധനന്റെ കഠോര മനസിന് മുമ്പില്‍ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. 

       (തുടരുന്നു....)

PC -https://iskconvrindavan.com/2019/12/07/2320/lord-krishna-painting/





No comments:

Post a Comment