വീണ്ടും ബ്ലോഗില്‍ ആക്ടീവാകണമെന്ന് തോന്നാന്‍ തുടങ്ങിയിട്ട് കുറച്ച് നാളുകളായി, കുറച്ച് കാലം മുമ്പ് ഏതോ ഒരാള്‍ ഏതോ ഒരു യൂട്യൂബ് ചാനലിലോ മുഖ്യധാരാ ദൃശ്യമാധ്യമത്തിലോ ഇരുന്ന്, ഏതോ ഒരു വിഷയത്തെക്കുറിച്ച് സംസാരിക്കവെ, അതിന് മുമ്പ് അങ്ങേര്‍ ആ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നത് ‘പഴയ ബ്ലോഗിന്റെ കാലത്തായിരുന്നു’ എന്ന് പറയുകയുണ്ടായി; അത് കേട്ടപ്പോള്‍, പണ്ട് ഉണ്ടായിരുന്ന ഓര്‍ക്കൂട്ട്, ഫെയ്സ് ബുക്കിന് സമാനമായ ഗൂഗിള്‍ പ്ലസ് എന്നൊക്കെയുള്ള സാമൂഹ്യമാധ്യമ വേദികള്‍ നിര്‍ത്താലാക്കിയത് പോലെ ബ്ലോഗ്സ്പോട് എന്ന സങ്കേതവും ആ കമ്പനി നിര്‍ത്തലാക്കിയെന്ന് തോന്നി. പക്ഷേ ഗൂഗിള്‍ ടൂള്‍സ് പരിശോധിച്ചപ്പോള്‍ അത് നിര്‍ത്തലാക്കിയിട്ടില്ലെന്നും ചിലരെങ്കിലും ഇപ്പോഴും ഒരു ഹോബിയായി ബ്ലോഗ്സ്പോട്ട് ഉപയോഗിക്കുന്നുണ്ടെന്നും അറിയുവാന്‍ കഴിഞ്ഞു.
കഴിഞ്ഞ ദിവസം ഗ്രന്ഥാലോകം "വായനയുടെ എഴുത്തിന്റെ 75 വാര്‍ഷം" പതിപ്പ് കിട്ടിയപ്പോള്‍ ശ്രീ. ടി. പത്മനാഭന്റെ ‘നിസര്‍ഗ സുന്ദരം’ എന്ന മനോഹരമായൊരു ചെറുകഥ വായിക്കുകയുണ്ടായി. വാക്കുകള്‍കൊണ്ടും, വാചകങ്ങള്‍കൊണ്ടും വിസ്തൃതമല്ലെങ്കിലും ഉള്ളടക്കംകൊണ്ട് അതി വിശാലമായൊരു കഥ.
ശക്തിയായി കറങ്ങുന്ന ഫാനുകള്‍ക്കടിയില്‍ വിയര്‍ത്തുകുളിച്ച്, വിവിധ പ്ലാറ്റ്ഫോമുകളിലൂടെയും, ഓവര്‍ ബ്രിഡ്ജുകളിലൂടെയും തിങ്ങി നിറഞ്ഞ് നീങ്ങുന്ന ജനങ്ങളുടെ ആരവത്തില്‍ അസ്വസ്ഥനായും, വല്ല പൂരമോ ഉത്സവമോ ഉണ്ടാകുമോ എന്നതിലാശങ്ക പൂണ്ടും തൃശൂര്‍ തീവണ്ടിയാപ്പീസിലിരിക്കുന്ന ഒരു വയോധികനെ, മധ്യവയസ് കഴിഞ്ഞ ഒരാള്‍ താന്‍ മാത്യുവാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് സമീപിക്കുന്നതാണ് ആദ്യം. അനന്തരം, ആ വയോധികന്‍ വളരെ കാലം മുമ്പ് സേവനമനുഷ്ഠിച്ചിരുന്ന ആ സ്ഥാപനത്തില്‍ നിന്ന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ്, വലിയൊരു സ്ഥാനത്തിരുന്ന് പിരിഞ്ഞാതാണെന്നും, തനിക്ക് ആ സ്ഥാപനത്തില്‍ നിയമനം ലഭിക്കുന്നത് അദ്ദേഹത്തിന് മുമ്പില്‍ അഭിമുഖത്തിന് ഹാജരായിക്കൊണ്ടാണെന്നും പറഞ്ഞ് പല പഴയ വിശേഷങ്ങളും പറയുവാന്‍ തുടങ്ങി; എന്നാല്‍ ആ വയസ്വി, തന്റെ പഴയ സ്ഥാപനത്തിലെ പുതിയ അടുത്തൂണ്‍കാരന്റെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട്, അയാള്‍ പറഞ്ഞ പഴയ കഥകളിലൊന്നും താല്‍പര്യമില്ലാതെ “പണ്ട് കഴിഞ്ഞ കഥളല്ലേ, അതൊക്കെ മറക്കാ”മെന്ന് പറയുകയാണ്.
അതിനിടെ, അദ്ദേഹത്തിന് ആ സ്ഥാപനത്തിലെ അത്യുന്നത പദവി ലഭിക്കാതെ പോയത് അവിടുത്തെ അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ടാണെന്നും, കോടതിയില്‍ പടപൊരുതിയാണ് ഒടുവില്‍ ലഭിച്ച പദവിയിലെങ്കിലും എത്തുവാന്‍ കഴിഞ്ഞതെന്നും പറഞ്ഞപ്പോള്‍ “അതൊന്നുമിപ്പോഴോര്‍ക്കാറില്ലെന്ന്” പറയുന്നുണ്ടെങ്കിലും, മാത്യുവിന്റെ കൈപിടിച്ച് അദ്ദേഹം ചെറുതായി ഒന്നമര്‍ത്തുണ്ട്. സ്വന്തം അഭ്യുന്നതി പണയപ്പെടുത്തി, അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ടതും, സ്വന്തം ഉയര്‍ച്ചയ്ക്കായി വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങളിലൂടെ പൊരുതി വിജയിച്ചതും അദ്ദേഹത്തില്‍ ചാരിതാര്‍ത്ഥ്യ ബോധം ഉളവാക്കുകയാണ്. മാത്യു യാത്രപറഞ്ഞ് പോയത് അദ്ദേഹമറിഞ്ഞില്ല.
തിങ്ങിനിറഞ്ഞ അപരിചിരായ യാത്രക്കാരുടെ തിരക്കിനിടയിലും, ശക്തമായി തിരിയുന്ന പങ്കകള്‍ക്ക് കീഴെ, കത്തിക്കാളുന്ന വേനല്‍ച്ചൂടിന്റെ ഉഷ്ണം സഹിച്ചും, തന്റെ വണ്ടിക്കായി കാത്തിരിക്കുന്ന ആ വൃദ്ധന്‍ ഇടയ്ക്കിടെ സമയം നോക്കുന്നുണ്ട്. ഏകാന്ത ജീവിത പഥികനായി, പുറത്തുള്ള ആരവങ്ങളില്‍ താല്‍ര്യമില്ലാതെയും, നല്ല കാറ്റിലും വേനല്‍ ചൂടില്‍ വെന്ത് വിയര്‍ത്ത്, തന്റെ വണ്ടിക്കായി സമയം നോക്കി കാത്തിരിക്കുകയും ചെയ്യുന്ന ആ സ്ഥവിരന്‍ ചിന്തയിലുളവാക്കുന്ന അര്‍ത്ഥതലങ്ങള്‍ മനസിന് അല്പം ആയാസം ഉണ്ടാക്കുന്നതാണ്. ആടിത്തിമര്‍ത്ത് വിരസമായിത്തീര്‍ന്ന ജീവിതോല്‍സവങ്ങള്‍, വര്‍ണ്ണ ശബളമായ ഉത്സവങ്ങളോടും, പൂരങ്ങളോടും ഒരുതരം നിര്‍വികാരതയാണ് അദ്ദേഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്.
പണ്ട് പ്രതാപകാലം കൊണ്ടാടിയ ആ
ഓഫീസ് പ്രസ്ഥാനത്തില്‍,
അവനവനെ മറക്കാതെ, അത്യുന്നത സ്ഥാനങ്ങള്‍
നഷ്ടമാകുമെന്നറിഞ്ഞിട്ടും, പൊതുനന്മക്കായി താന്‍ നടത്തിയ
കലാപങ്ങളുടെ സ്മരണ, പിന്നിട്ട് തീരാറായ ജീവിതരഥ്യയില്‍ സുഖദമായ ഒരിളംകാറ്റായി
അദ്ദേഹത്തിന് അനുഭവപ്പെടുന്നുണ്ട്; അത് അദ്ദേഹത്തെ ഒരു പ്രത്യേക
ശാന്താവസ്ഥയിലേക്ക് നയിക്കുകയാണ്, ആ ശാന്തിയില്‍, എല്ലാം
മറന്നിരിക്കുന്ന ആ നിര്‍വൃതസ്ഥിതിയില്‍ ഒരു കവിതാശകലം അദ്ദേഹത്തന്റെ ഉള്ളില്‍
മന്ത്രിക്കുകയാണ്, - “ഇഹമേ നിഭൃത പ്രശാന്തമീയുലകാഹന്ത
നിസര്‍ഗ സുന്ദരം” (നീരവ
പ്രശാന്തമായ ഈ ഉലകം മനോഹരമായൊരു സ്വാഭാവിക പ്രക്രിയയാണ്) ഒരു
തിരിച്ചറിവായി.
ശ്രീ. ടി. പത്മനാഭന്‍ മലയാള ചെറുകഥാ പ്രസ്ഥാനത്തിലെ ഹിമാലയ പര്‍വ്വതമാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. ഒരു മനുഷ്യന്‍ ആയാളുടെ ജീവിതത്തില്‍ കൊണ്ടാടുന്ന എല്ലാ പ്രതാപങ്ങളും, ഉത്സവങ്ങളും, ആഘോഷങ്ങളും ജീവിതത്തിന്റെ അവസാനകാലത്ത് അപ്രസക്തവും വിരസവുമാകുമെന്നും, അവനവനെ മറക്കാതെ ചെയ്യുന്ന കാമ്പും, കഴമ്പുമുള്ള പ്രവൃത്തികള്‍ക്കാണ് ജീവിതത്തില്‍ പ്രസക്തിയെന്നും, ജീവിതത്തിന്റെ കണക്കെടുപ്പില്‍, കാലാന്തരത്തില്‍ വിരസമായിപ്പോകുന്ന ആഘോഷങ്ങളെക്കാള്‍, നിറംകെട്ടുപോകുന്ന പൂരങ്ങളെക്കാള്‍, തിളക്കം മങ്ങിപ്പോകുന്ന പ്രതാപങ്ങളെക്കാള്‍, സാരവത്തായ പ്രവൃത്തികളിലൂടെ കരഗതമാകുന്ന ശാന്തിക്കാണ് വിലയെന്നും, ആ ശാന്തിയാണ് ജീവിതസന്ധ്യയെ പ്രകാശമാനമാക്കുന്നതെന്നുമുള്ള ഒരു ബോധം സൃഷ്ടിച്ചുകൊണ്ട് കഥ അവസാനിക്കുകയാണ്.
പടം - സുബ്രഹ്മണ്യംകേശവന്‍