Saturday 21 May 2016

ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ - 2 (അ‍ഞ്ച് ദുരന്തങ്ങള്‍)

ഈ ദശാബ്ദത്തില്‍ നടന്ന ചില ദുരന്തങ്ങളെകുറിച്ചാണ് ഇനി പറയുവാന്‍ പോകുന്നത്നമ്മെ നടുക്കി കടന്നുപോയ അഭിശപ്ത മുഹൂര്‍ത്തങ്ങളെ അയവിറക്കുന്നത് ആശാസ്യമല്ലെങ്കിലും കാലം ആവശ്യപ്പെടുന്ന ചില വേളകളില്‍ നമുക്ക്  കഴി‍ഞ്ഞകാലം ചികയേണ്ടതായി വരും. മഹാ മനീഷിയായിരുന്ന യശഃശരീരനായ ശ്രീ. എം. എൻ. വിജയൻ, ഒരു ധനുർധരൻ ഏന്തിയ ആവനാഴിയോടാണ് ഭൂതകാലത്തെ ഉപമിച്ചിരിക്കുന്നത്.   ദേഹത്തിന് പിറകിൽ ധരിച്ചിരിക്കുന്ന തൂണീരത്തിൽനിന്ന് ശരങ്ങളെടുത്ത് അയാൾ അടര്‍ക്കളത്തില്‍ പോരാടുന്നു.   കഴിഞ്ഞ കാലങ്ങളിൽ നമുക്ക് സിദ്ധിച്ച അനുഭങ്ങളാണ് ഭാവി ഭാസുരമാക്കുന്നതിനുള്ള വർത്തമാനകാലത്തിന്റെ പോര്‍ക്കളത്തിൽ നാം ഉപയോഗിക്കേണ്ട സായകങ്ങൾ.  അവ നമ്മുടെ കൈവശമാണ് ഇരിക്കുന്നത്, അതുകൊണ്ട്തന്നെ അവ ഉപയോഗിക്കേണ്ടത് നമ്മളാണ്.  ഈ അമ്പുകളെ വദഗ്ദമായി ഉപയോഗിക്കുവാൻ സമൂഹത്തെ പ്രാപ്തമാക്കേണ്ടത്  അതാത് കാലങ്ങളില്‍ നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്നമ്മുടെ വിദ്യാഭ്യാസ സംവിധാനം എത്രത്തോളം ഫലപ്രദമായി ഇത് നിര്‍വഹിക്കന്നുണ്ടന്നുള്ള വിഷയം അനുയോജ്യമായ മറ്റൊരവസരത്തില്‍ പരിശോധിക്കാം.

തട്ടേക്കാട് ബോട്ടപകടം 2007


എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽപ്പെട്ട കുട്ടമ്പുഴ വില്ലേജിൽ പെരിയാർ നദിക്കരയിലാണ് തട്ടേക്കാട്.  യശഃശരീരനായ ലോകപ്രശസ്ത പക്ഷി ശാസ്ത്രജ്ഞൻ ഡോ. സലിം അലി ആവശ്യപ്പെട്ടതനുസരിച്ച്, 1983ൽ ഈ പറവമേടിനെ സർക്കാർ ദേശീയപക്ഷി സങ്കേതമായി പ്രഖ്യാപിച്ചു. ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പക്ഷി സമ്പന്നമായ ഇടമെന്നാണ് അദ്ദേഹം  തട്ടേക്കാടിനെ വിശേഷിപ്പിച്ചത്.  അദ്ദേഹത്തോടുള്ള ആദര സൂചകമായി സർക്കാർ ഈ പതംഗ സ്വർഗ്ഗത്തെ 'ഡോ. സലിം അലി പക്ഷി സങ്കേതം' എന്ന് നാമകരണം ചെയ്തു.  ഒക്ടോബർ മുതൽ ഏപ്രിൽ വരെയാണ് ഈ വിഹഗ സ്ഥാനം  സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായ കാലം.  


എറണാകുളം ജില്ലയിലെ എളവൂർ സെയ്ന്റ് ആന്റണീസ് യു. പി. സ്ക്കൂളിൽനിന്നും  2007 ഫിബ്രവരി 2 ന്  106 വിദ്യാർത്ഥികളും 12 ടീച്ചർമാരും പഠനയാത്രാർത്ഥം ഉച്ച തിരിഞ്ഞ് തട്ടേക്കാടെത്തി പക്ഷിസങ്കേതം കണ്ടശേഷം മൂന്ന് ബോട്ടുകളിലായി അവർ പെരിയാർ നദിയിലൂടെ സവാരി തുടങ്ങി വൈകിട്ട് ആറ് മണിയോടെ ബോട്ടുകളിലൊന്ന് മറിഞ്ഞ് 15 കുട്ടികളും 2 ടീച്ചർമാരും മുങ്ങിമരിച്ചു.  കുട്ടികളെല്ലാം 10 നും 12നുമിടയിൽ പ്രായമുള്ളവരായിരുന്നു.  ഒരേ കുടുംബത്തിൽപ്പെട്ടവരും അക്കൂട്ടത്തിലുണ്ടായിരുന്നു.   പിഞ്ചുശരീരങ്ങൾ അടക്കം ചെയ്ത് നിരത്തിവച്ച കൊച്ചു  ശവമഞ്ചങ്ങളുടെ കാഴ്ച മർമ്മഭേദകമായിരുന്നു.  ജസ്റ്റിസ്. പരീത് പിള്ള കമ്മീഷൻ ഈ സംഭവം അന്വേഷിച്ചു.

നേരം കെട്ട നേരത്തായിരുന്നു സവാരി നടത്തിയത്യാത്രികരുടെ എണ്ണം ബോട്ടിന്റെ വാഹക ശേഷിക്ക് താങ്ങാവുന്നതിലധികമായിരുന്നുയാത്രക്കാര്‍ക്ക് ലൈഫ് ജാക്കറ്റ് നല്‍കിയിരുന്നില്ലസുരക്ഷാ സംവിധാനങ്ങളെന്ന നിലയില്‍ ഒരു സൈക്കിള്‍ ട്യൂബ് പോലും ബോട്ടില്‍ ഉണ്ടായിരുന്നില്ല.   സഞ്ചാരികളെയും കൊണ്ട് സവാരി ചെയ്യുവാന്‍ യോഗ്യമല്ലാത്ത ബോട്ടായിരുന്നു അപകടത്തില്‍ പെട്ടത്പതിവായി പരിപാലനം ചെയ്യാത്ത ബോട്ട്   നിയന്ത്രിച്ചിരുന്നത് അവിദഗ്ദരായ ഡ്രൈവര്‍മാരായിരുന്നു. ലീക്കുണ്ടെന്ന് തോന്നി യാത്രികരൊന്നിച്ച് പെട്ടെന്ന് ഒരു വശത്തേക്ക് കൂടി ബോട്ട് ഉലഞ്ഞാണ് അപകടം സംഭവിച്ചതെന്നായിരുന്നു ഡ്രൈവറുടെ മതംഇതില്‍ ഏതു കാരണം കൊണ്ടും അഥവ എല്ലാ കാരണങ്ങളാലും ഈ അപകടം സംഭവിക്കാംഎന്നാല്‍ ഈ ദാരുണ സംഭവം അരങ്ങേറിയത് എങ്ങനെയാണ് ?

ഇരിക്കൂർ സ്ക്കൂൾ ദുരന്തം 2008


കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽപ്പെട്ട ഇരിക്കൂർ വില്ലേജ് കണ്ണൂര്‍ നഗരത്തിന് 25 കിലോമീറ്റര്‍ കിഴക്ക് മാറി ഒഴുകുന്ന ആയിപ്പുഴയുടെ തീരത്താണ്ആധുനിക വികസനത്തിന്റെ നിര്‍വചനങ്ങളൊന്നും ഈ നാട്ടിന്‍പുറത്തിന് ചേരില്ലെങ്കിലും, ഇവിടുത്തെ ജനതതിക്ക് കുഴപ്പമില്ലാതെ ജീവച്ചുപോകുവാൻ അവശ്യം വേണ്ടതെല്ലാം ഇവിടെ ലഭ്യമാണ്.  

വൈകിട്ട് സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്ന പിഞ്ചു വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് നിയന്ത്രണം പോയ ഒരു ജീപ്പ് പാഞ്ഞുകയറി 9 കുട്ടികള്‍ അതി ദാരുണമായി കൊല്ലപ്പെട്ടുഇരിക്കൂര്‍ നാരായണ വിലാസം എല്‍. പി. സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളാണ് ഈ ദുരന്തത്തിന് ഇരകളായത്. വൈകിട്ട് 4 മണിക്ക് ശേഷമായിരുന്നു സംഭവംഅപകട സ്ഥലത്ത് ചിതറിക്കിടന്നിരുന്ന ചോരയില്‍ കുതിര്‍ന്ന സ്ക്കൂള്‍ ബാഗുകളുടെയും, കുഞ്ഞു ചെരിപ്പുകളുടെയും ദൃശ്യം ശിലാ‍ഹൃദയങ്ങളെപ്പോലും ദ്രവീകരിക്കത്തക്കതായിരുന്നു.  

സ്ക്കൂള്‍വിട്ട് വരികയായിരുന്ന കുട്ടികളിലൊരാള്‍, തെറിച്ചു വീണ ചെരിപ്പ് എടുക്കുന്നതിനായി റോഡിന് നടുവിലേക്ക് കയറിയത് കണ്ട് ജീപ്പിന്റെ നിയന്ത്രണം വിട്ടുപോയെന്നായിരുന്നു ‍ഡ്രൈവറുടെ വിശദീകരണം.  റോഡ് വളരെ മോശമായിരുന്നു എന്നും, ജീപ്പിന്റെ അമിത വേഗതയാണ് ദുരന്തത്തിനിടയാക്കിയതെന്നും,  മദ്യപിച്ച ഡ്രൈവറുടെ ഉപേക്ഷാ പൂര്‍വ്വമുള്ള ഡ്രൈവിംഗാണ് അപകടത്തിന് കാരണമായതെന്നും അഭിപ്രായങ്ങളുണ്ടായിഇത്തരത്തിലൊരു അപകടം സംഭവിയ്ക്കുവാൻ ഈ കാരണങ്ങളൊക്കെ മതിയായവയാണ്കാരണമെന്തായിരുന്നാലും ഈ അനിഷ്ട സംഭവം എങ്ങനെ സംഭവിച്ചു ഇത്തരം അപകടങ്ങള്‍ ഇനിയും സംഭവിക്കില്ലേ?.

തേക്കടി ബോട്ട് ദുരന്തം 2009


ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കില്‍പ്പെട്ട കുമിളി വില്ലേജിലാണ് ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ കേരളത്തിന് സ്ഥാനം നേടി കൊടുത്ത തേക്കടി ഉള്ളത്കേന്ദ്ര സര്‍ക്കാക്കാര്‍ ഈ വിനോദ സഞ്ചാര കേന്ദ്രത്തെ 1982 ല്‍ പെരിയാര്‍ ദേശീയോദ്ദ്യാനമായി പ്രഖ്യാപിച്ചുവൈവിധ്യമാര്‍ന്ന വന്യമൃഗജാലങ്ങളും, മുല്ലപ്പെരിയാര്‍ ഡാമും, മനോഹരമായ നിത്യ ഹരിത വനവും, അതിനോട് ചേര്‍ന്നുള്ള ഹരിത ശാദ്വല തീരത്തെ നനച്ചുകൊണ്ടൊഴുകുന്ന മുല്ലപ്പെരിയാര്‍ നദിയുംഈ വിനോദ സഞ്ചാര കേന്ദ്രത്തെ ഏറെ ആകര്‍ഷണീയമാക്കുന്നു. വനഭംഗി ആസ്വദിച്ചും, വന്യമൃഗങ്ങളുടെ ആശംസകളേറ്റു വാങ്ങക്കൊണ്ടും ഈ നദിയിലൂടെ ബോട്ട് സവാരി നടത്തുമ്പോൾ ലഭിക്കുന്ന അനുഭൂതി അവാച്യമാണ്. സ്വദേശീയരും വിദേശീയരുമായ നിരവധി യാത്രികര്‍ സാന്ത്വനതീരം തേടി എല്ലാ വര്‍ഷവും ഇവിടെ എത്തുന്നു.   ഒക്ടോബര്‍ മുതല്‍ ഫിബ്രുവരി വരെയാണ് ഈ സ്ഥലം സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായ കാലം.

കേരളാ ടൂറിസം ഡെവലപ്പ്‍മെന്റ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 'ജലകന്യക' എന്ന പേരല്‍ സര്‍വ്വീസ് നടത്തുന്ന ഇരുനില ബോട്ട് 2009 സെപ്തംബർ 30 ന് വിനോദ സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള യാത്രക്കിടയില്‍ മറിഞ്ഞ് 45 പേര്‍ മരണമടഞ്ഞുബോട്ട് യാത്ര പുറപ്പെട്ടത് വൈകിട്ടായിരുന്നു. ബോട്ട് അഞ്ചോ ആറോ കിലോമീറ്ററുകള്‍ പിന്നിട്ട ശേഷമാണ് അപകടം സംഭവിച്ചത്. അപകടം നടന്ന സ്ഥലത്ത് നദിയുടെ ആഴം 100 മീറ്ററില്‍ അധികമായിരുന്നുയാത്രികരിൽ ഭൂരിഭാഗവും കര്‍ണ്ണാടക, തമിഴ് നാട്, ഡല്‍ഹി, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരായിരുന്നുഅപകടസ്ഥലം തീരത്തുനിന്നും അകലെയായതും, നേരം ഏറെ വൈകിയതും, പ്രദേശം വന്യമൃഗ നിബിഡമായതും രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു, ഇത് ദുരന്തത്തിന്റെ തീവ്രത കൂട്ടിജസ്റ്റിസ് മൊയ്തീന്‍കുഞ്ഞ് കമ്മിഷനാണ് ഈ ദുരന്തത്തെ കുറിച്ച് അന്വേഷണം നടത്തിയത്.

യാത്രികരുടെ എണ്ണം ബോട്ടിന്റെ ശേഷിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. വൈദഗ്ദ്യം നേടാത്ത ഡ്രൈവര്‍മാരായിരുന്നു ബോട്ട് നിയന്ത്രിച്ചിരുന്നത്, ബോട്ടില്‍ സുരക്ഷാ ഉപാധികളൊന്നും ഉണ്ടായിരുന്നില്ല, സവാരി ചെയ്യുന്നവര്‍ക്ക് ധരിക്കുവാന്‍ ലൈഫ് ജാക്കറ്റുകള്‍ നല്‍കിയിരുന്നില്ലയാത്രയിലുടനീളം ബോട്ട് പലപ്രാവശ്യം ഉലഞ്ഞുവെന്നും, ബോട്ടിന്റെ നിര്‍മ്മാണ ഘടനയില്‍ പിഴവുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട ഒരു യാത്രികന്‍ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  കാട്ടുകാളകൂട്ടത്തെ കാണുന്നതിനായി യാത്രികരെല്ലാം  ബോട്ടിന്റെ ഒരു വശത്തേക്ക് ഓടി തടിച്ചുകൂടിയപ്പോഴാണ് ബോട്ട് മറിഞ്ഞതെന്നായിരുന്നു രക്ഷപ്പെട്ട ബോട്ട് ജീവനക്കാരുടെ പക്ഷംബോട്ട് പെട്ടെന്ന് വളച്ചതാണ് അപകടകാരണം എന്നാണ് മറ്റൊരു പക്ഷംഈ കാരണങ്ങളെല്ലാം തന്നെ ഒരു ബോട്ട് മറിച്ചിടാനും അതിലെ സഞ്ചാരികളെ അപകടപ്പെടുത്തുവാനും പര്യാപ്തമാണ്. പക്ഷേ ഈ അപകടം ഒഴിവാക്കാമായിരുന്നില്ല?.

ശബരിമല ദുരന്തം - 2011

 

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ മകരവിളക്കിനോടനുബന്ധിച്ച് 2011 ജനുവരി 14 ല്‍ തിക്കിലും തിരക്കിലും പെട്ട് 100 ലധികം പേര്‍ മൃതിയടഞ്ഞു അതിലധികം പേര്‍ക്ക് പരിക്കേറ്റു.  ശബരിമലയ്ക്ക് സമീപമുള്ള പുല്‍മേട്ടിലായിരുന്നു അപകടം.  മകര ജ്യോതി കാണുവാനായെത്തിയ ഭക്തജനങ്ങള്‍ക്കാണ് ഈ ദുരന്തം സംഭവിച്ചത്. അതി ദാരുണം എന്നതിലുപരി ഇതേകുറിച്ച് കൂടുതലൊന്നും എഴുതുവാന്‍ ഉദ്ദേശിക്കുന്നില്ല.  

പാര്‍വ്വതീപുത്തനാര്‍ സ്ക്കൂള്‍ വാഹന ദുരന്തം 2011


തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ചരിത്രം വളരെ വിചിത്രവും രസകരവുമാണ്.  ഇന്നത്തെ മനോഹരമായ നമ്മുടെ  തലസ്ഥാന നഗരിയിൽ 350 വർഷങ്ങൾക്ക് മുമ്പ് ശരിയായ രീതിയിലുള്ള നിരത്തുകൾ ഉണ്ടായിരുന്നില്ല.  നിരന്തരം ആളുകൾ വഴിനടന്ന് രൂപപ്പെട്ട ഒറ്റയടിപാതകളും നടവഴികളും മത്രമേ ഉണ്ടായിരുന്നുള്ളൂശ്രീ പത്മനാഭ സ്വാമിയെ ആരാധിക്കുന്നതിനായി പല നാടുകളിൽ നിന്നും നിരവധി പേർ നഗരത്തില്‍ എത്താറുണ്ടായിരുന്നു.  കടൽ മാർഗ്ഗം കൊതുമ്പ് വള്ളങ്ങളിലേറി തിരുവനന്തപുരത്തെത്തി കടലുമായി ബന്ധപ്പെട്ട ഏതെങ്കിലുമൊരു നദിയിലൂടെ തുഴഞ്ഞ്, കരപിടിച്ച്, കാല്‍നടയായി ക്ഷേത്രത്തിൽ എത്തുകയായിരുന്നു തീര്‍ത്ഥാടകരുടെ പതിവ്.  ഗതാഗതത്തിനായി ജനങ്ങൾ മുഖ്യമായും ആശ്രയിച്ചിരുന്നത് ജലമാർഗ്ഗമായിരുന്നുഈ സാഹചര്യത്തിൽ രാജകുടുംബത്തിന്റെ ഗതാഗതാവശ്യങ്ങൾക്കായി പ്രത്യേകം നിർമ്മിച്ചതാണ് പാർവ്വതീപുത്തനാറും, വർക്കല തുരങ്കവും.


യഥാര്‍ത്ഥ പാര്‍വ്വതീപുത്തനാര്‍ അഞ്ച്തെങ്ങ് കായലില്‍നിന്ന് ആരംഭിച്ച് വേളി കായലില്‍ ചേര്‍ന്ന് അറബിക്കടലില്‍ വിലയം പ്രാപിക്കുന്നുഎന്നാല്‍ തലസ്ഥാന നഗരിക്ക് 10 - 12 കിലോമീറ്റർ  വടക്ക് പടിഞ്ഞാറായി, ആക്കുളം കായലിൽനിന്ന് ആരംഭിച്ച് ദേശീയപാത 47 ബൈപ്പാസിന് സമാന്തരമായി ഒഴുകി, പൂന്തുറപ്പൊഴിയില്‍ വെച്ച് കരമനയാറിനോട് ചേര്‍ന്ന്, അറബിക്കടലിൽ പതിക്കുന്ന ജലാശയമാണ് മനുഷ്യനിര്‍മ്മിതമായ പാര്‍വ്വതീപുത്തനാര്‍ കനാല്‍. ഈ കനാലിന്റെ കരയിലാണ് നഗരത്തിലെ വെണ്‍പാലവട്ടം (സുപ്രസിദ്ധമായ ദേവീക്ഷേത്രമുള്ള സ്ഥലം), കരിക്കകം (സുപ്രസിദ്ധമായ ചാമുണ്ഡീ ക്ഷേത്രമുള്ള സ്ഥലം) ആനയറ, ചാക്ക, തിരുവനന്തപുരം പേട്ട (പഴയ നഗര ഹൃദയം), ഈഞ്ചക്കല്‍ മുതലായ ചില പ്രധാന സ്ഥലങ്ങള്‍ ഉള്ളത്.


തിരുവനന്തപുരം പേട്ടയിൽ പ്രവർത്തിച്ചിരുന്ന 'ലിറ്റിൽ ഹാർട്ട്സ്' സ്ക്കൂളിലെ നഴ്സറി കുട്ടികളും, അവരുടെ പരിപാലകയും സഞ്ചരിച്ച സ്ക്കൂൾ വാൻ, 2011 ഫിബ്രവരി 17 ന്, കരിക്കകം ചാമുണ്ടി ക്ഷേത്രത്തിന് സമീപം വച്ച്  പാർവ്വതീപുത്തനാറിലേക്ക് ചാടി 5 കുട്ടികളും അവരുടെ കെയർ ടേക്കറും മരണമടഞ്ഞു.  ഒരു ബാലൻ ഇപ്പോഴും ചക്ര കസേരയിൽ കഴിയുന്നു.   കാലത്ത് 08:00 - 09:00 മണിക്കിടയിലായിരുന്നു അത്യാഹിതം സംഭവിച്ചത്.  മരണമടഞ്ഞവരിൽ 3 പേർ ആൺകുട്ടികളും 2 പേർ‍ പെൺകുട്ടികളുമായിരുന്നു. സന്താന സൗഭാഗ്യമായി, കണ്ണിന് കൗതുകമായി, മനസിന് സന്തോഷമായി, ഭാവിക്ക് പ്രതീക്ഷയായി ഉദയം കൊണ്ട കുഞ്ഞു നക്ഷത്രങ്ങൾ,   അരവയർ പട്ടിണി മാറ്റാനും, മുഷിയാത്ത വസ്ത്രമണിയാനും,   മാന്യമായൊരു തൊഴിൽ സ്വീകരിച്ച പെൺകുട്ടി,  വീൽചെയറിലിരുന്ന് കൂട്ടുകാരുടെ തമാശകളും   വികൃതികളും കണ്ട് നെടുവീർപ്പിടുന്ന ഒരു ബാല്യം, - വർഷങ്ങൾ  പിന്നിട്ടിട്ടും എല്ലാം തീരാ വേദനകളായി ഇന്നും നമ്മുടെ ഹൃദയത്തെ അലട്ടുന്നു.


അംഗീകാരമില്ലാത്ത സ്ക്കൂളിന് വേണ്ടി അനധികൃതമായി സേവനം നടത്തിയിരുന്ന ഒംനി വാനായിരുന്നു അപകടത്തിൽ പെട്ടത്. സംഭവാനന്തരം  സ്ക്കൂളിന്റെ പ്രവർത്തനം തടഞ്ഞുകൊണ്ട് തിരുവനന്തപുരം ജില്ലാ കളക്ടർ ഉത്തരവിട്ടു.  പ്രായവും പക്വതയുമില്ലാത്ത ഡ്രൈവർ അശ്രദ്ധമായി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് അതിവേഗതയിലായിരുന്നു ഡ്രൈവ് ചെയ്തിരുന്നത്.  ആഫ്രിക്കൻ പായൽ നിറഞ്ഞ കനാലിൽ മുങ്ങിയ വാനിലെ യാത്രികർക്കായി രക്ഷാപ്രവർത്തനം നടത്തിയത് പരിസരവാസികളായിരുന്നു. രണ്ടാമതൊന്ന് ആലോചിക്കാതെ  നഗര മലിന്യങ്ങൾ ഒഴുകി വരുന്ന വെള്ളത്തിലേക്കെടുത്ത് ചാടിയ നാട്ടുകാർ അവസത്തിനൊത്ത് ഉയർന്ന് മാനവ മഹത്വത്തിന്റെ പ്രതീകങ്ങളായി.  ഇടുങ്ങിയ റോഡിനും കനാലിനുമിടയിൽ സംരക്ഷണ ഭിത്തി ഇല്ലായിരുന്നു.  അമിത വേഗതയിലോടിയിരുന്ന വാൻ എതിരെ വന്ന ഒരു ബസ്സിന് സൈഡ് കൊടുത്തപ്പോൾ ഒരു മരത്തിന്റെ വേരിൽ തട്ടി അപകടം സംഭവിച്ചുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്.  അവിടെ ഉണ്ടായിരുന്ന ഒരു കല്ലട്ടിക്ക് തട്ടി അപകടം സംഭവിച്ചു എന്നാണ് മറ്റൊരു ഭാഷ്യം.  പതിവായി 15 പേർ കയറാറുണ്ടായിരുന്ന വാനിൽ ആ ദിവസം 9 പേർ മാത്രമേ കയറിയിരുന്നുള്ളൂ.    'റോഡ്  /ട്രാഫിക്ക് നിയമങ്ങള അല്പമെങ്കിലും മാനിച്ചിരുന്നുവെങ്കിൽ പൂർണ്ണമായും ഒഴിവാക്കാമായിരുന്ന ദുരന്തം' എന്നായിരുന്നു  സംഭവമന്വേഷിച്ചവർ ഈ അത്യാഹിതത്തെ വിശേഷിപ്പിച്ചത്.  ഒഴിവാക്കാമായിരുന്ന ഒരു ദുരന്തത്തിനല്ലേ നമ്മുടെ കുട്ടികൾ ഇരയായത്എന്നിട്ടും അതേ വര്‍ഷം തന്നെ അതേ സംഭവസ്ഥലത്തിന് സമീപം 26/09/2011 ന് വീണ്ടും അതേ അപകടം ആവര്‍ത്തിച്ചു, 3 കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടു. നമുക്ക് നേരിട്ട നഷ്ടങ്ങള്‍ നികത്തുവാൻ അന്വേഷണങ്ങൾക്കും കണ്ടെത്തലുകൾക്കും കഴിയുമോ

No comments:

Post a Comment